തഴമേല്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതുമുന്നണി ബിജെപി സംഘര്‍ഷം
1298121
Sunday, May 28, 2023 11:47 PM IST
അഞ്ചല്‍ : ഉപതെരഞ്ഞെടുപ്പിന് ഒരുദിനം ബാക്കി നില്‍ക്കെ അഞ്ചല്‍ പഞ്ചായത്തിലെ തഴമേല്‍ വാര്‍ഡില്‍ ഇടതുമുന്നണി ബിജെപി സംഘര്‍ഷം. വാര്‍ഡിലെ കുട്ടന്കരയിലാണ് കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ഇരു വിഭാഗങ്ങളിലെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തില്‍ മൂന്നു ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനും ഇയാളുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തങ്ങളെ യാതൊരുവിധ പ്രകോപനവും കൂടാതെ ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു എന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറയുന്നു.
പരിക്കേറ്റ മൂന്നു സിപിഐ പ്രവര്‍ത്തകരെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അജിത്ത്, വിഷ്ണു രവീന്ദ്രന്, അഖില്‍ മുരളി എന്നിവരാണ് പരിക്കേറ്റു ചികിത്സയിലുള്ളത്. അജിത്തിന് തോളെല്ലിനും, വിഷ്ണു രവീന്ദ്രന് കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
പരാജയ ഭീതിപൂണ്ട ബിജെപി ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ് എന്നും ഇനിയും ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തന്നെ നേരിടുമെന്നും ഇടതു നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ഇടതുമുന്നണി പ്രവര്‍ത്തകരാണ് ബിജെപി പ്രവര്‍ത്തകനായ സച്ചുവിനെയും പിതാവ് ശങ്കര്‍ ബാബുവിനെയും മര്‍ദിച്ചതെന്ന് ബിജെപി നേതൃത്വം പറയുന്നു.
മുതുകില്‍ അടക്കം പരിക്കേറ്റ സച്ചു സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അഞ്ചല്‍ പോലീസില്‍ പരാതി നല്കി. തോല്‍വി ഉറപ്പായതോടെ ഇടതുമുന്നണി ആക്രമണം അഴിച്ചുവിടുകയാണെന്ന് ബിജെപി നേതൃത്വം പറയുന്നു.
ഇരു കൂട്ടരുടെ പരാതിയിലും അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സംഘം തഴമേല്‍ വാര്‍ഡില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യ പ്രചാരണത്തിന് കൊട്ടികലാശത്തോടെ സമാപനമായി. യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ രീതിയില്‍ വാക്കേറ്റം ഉണ്ടായതൊഴിച്ചാല്‍ കൊട്ടികലാശം സമാധാന പൂര്‍ണമായിരുന്നു.
കനത്ത പോലീസ് കാവലിലാണ് വാര്‍ഡിലെ കൊട്ടികലാശം നടന്നത്.