പ്രചോദന വാർത്തകൾക്ക് കൂടുതൽ ഇടം നൽകണം: ഡെപ്യൂട്ടി സ്പീക്കർ
1298115
Sunday, May 28, 2023 11:47 PM IST
കൊല്ലം: പത്രമാധ്യമങ്ങൾ നെഗറ്റീവ് വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാതെ പ്രചോദന വാർത്തകൾക്കും സംഭവങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്രഖ്യാതി നേടിയ എഡ്യൂടൈൻമെന്റ് ഗുരു ജിതേഷ്ജിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസവിചക്ഷണരുടെ കൂട്ടായ്മ സമാരംഭിക്കുന്ന വിദ്യാഭ്യാസ ചാനലായ സിഎൻസി എൻ ടിവി (പള്ളിക്കൂടം ടിവി)യുടെ ലോഗോ പ്രകാശനം നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കുട്ടികളിൽ പത്രവായന കുറഞ്ഞു വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ദിനംപ്രതി ഉള്ള നെഗറ്റീവ് വാർത്തകളാണ്.ഇതിന് മാറ്റം ഉണ്ടാകണം. കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരികെ എത്തിക്കണം.
കേരളത്തിലെ മികച്ച സ്കൂളുകൾ, കോളജുകൾ, വേറിട്ട പ്രവർത്തനം നടത്തുന്ന അധ്യാപകർ, കുട്ടികൾ, വേറിട്ട അധ്യയന, അധ്യാപന രീതികൾ തുടങ്ങിയവ സമൂഹമധ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാനൽ പ്രവർത്തനം ആരംഭിക്കുന്നത്.
ശൂരനാട് മില്ലത്ത് കോളേജ് ഓഫ് എജുക്കേഷനിൽ നടന്ന പരിപാടിയിൽ അഡ്വ ജിതേഷ്ജി അധ്യക്ഷനായിരുന്നു. കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഷാജിമോൻ ഡി ലോഗോ ഏറ്റുവാങ്ങി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എൽ സുഗതൻ പദ്ധതി വിശദീകരണം നടത്തി.ചാനൽ ഡയരക്ടർമാരായ ശില സന്തോഷ് ,ശൂരനാട് രാധാകൃഷ്ണൻ മുതുകുളം ബിജു എഡിറ്റോ റിയൽ ബോർഡ് അംഗങ്ങളായ രാമാനുജൻ തമ്പി, കെ കൃഷ്ണകുമാർ, ഷാജി മഞ്ജരി, അമൃത സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ ഡോ.എസ് ലാലി തുടങ്ങിയവർ പ്രസംഗിച്ചു.