കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസിൽ മൂർഖൻ; ജീവനക്കാരിക്ക് കടിയേറ്റു
1297892
Sunday, May 28, 2023 2:56 AM IST
ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസൽ പാമ്പ്. ഫ്രണ്ട് ഓഫീസ് ജീവനക്കാരിക്ക് കടിയേറ്റു. ജീവനക്കാരിയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ ഉടൻ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി വേളമാനൂർ സ്വദേശിനി സുധയ്ക്കാണ് ഓഫീസിനുള്ളിൽ വച്ച് പാമ്പ് കടിയേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെയായിരുന്നു സംഭവം. പതിവു പോലെ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നപ്പോൾ ഫ്രണ്ട് ഓഫീസ് ജീവനക്കാരും അകത്തു കയറി. ഫ്രണ്ട് ഓഫീസിലെ കംപ്യൂട്ടർ ഓൺ ചെയ്തപ്പോൾ കംപ്യൂട്ടറിനടിയിൽ എന്തോ അനങ്ങുന്നതായി തോന്നി. അത് പരിശോധിച്ചപ്പോഴാണ് സുധയുടെ ഇടതുകൈയിൽ പാമ്പുകടിയേറ്റത്.
ഉടൻ തന്നെ പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ ്എസ്. സത്യപാലൻ സുധയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കംപ്യൂട്ടറിനടിയിൽ നിന്നും മൂർഖൻ പാമ്പിന്റെ കുഞ്ഞിനെയും കണ്ടെത്തി. ഇതിനെ കല്ലുവാതുക്കൽ സ്വദേശിയായ ഒരാൾ പിടികൂടി മെഡിക്കൽ കോളജിലെത്തിച്ചതിനാൽ ചികിത്സ എളുപ്പമായി.
ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിന് സമീപത്ത് ഓടകുഴിച്ചപ്പോൾ മാസങ്ങൾക്ക് മുമ്പ് പാമ്പിനെ കണ്ടെത്തുകയും അതിനെപിടികൂടുകയും ചെയ്തിരുന്നു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പരിസരത്തു നിന്നും നിരവധി തവണ പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.
പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സുധയുടെ ആരോഗ്യ നില തൃപ്തികരമായതിനാൽ ഡിസ്ചാർജ് ചെയ്തതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ പറഞ്ഞു.
സുധയെ ഓഫിസിനുള്ളിൽ വച്ച് കടിച്ചത് മൂർഖന്റെ കുഞ്ഞാണ്. ഒന്നിലധികം മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായിട്ടുണ്ടെന്ന ഭയമാണ് ജീവനക്കാർക്കും നാട്ടുകാർക്കും. അത് പഞ്ചായത്ത് ഓഫിസിനുള്ളിലാണോ എന്ന ഭയാശങ്കയും ശക്തമാണ്. പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറാൻ ജീവനക്കാർക്കും നാട്ടുകാർക്കും ഭയമായിരിക്കയാണ്. പഞ്ചായത്ത് ഓഫിസ് പരിസരം പാമ്പുകളുടെ ആവാസ കേന്ദ്രമായി മാറിയിട്ട് കാലങ്ങളേറെയായി.