ഗുരുതര ക്രമക്കേട്: ചണ്ണപ്പേട്ട വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്ഷന്
1282657
Thursday, March 30, 2023 11:03 PM IST
അഞ്ചല്‍: ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ട വില്ലേജ് ഓഫീസര്‍ ആര് രതീഷിനെ സസ്പെന്റ് ചെയ്തു. പുനലൂര്‍ ഭൂരേഖ തഹസീല്‍ദാര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ കളക്ടറാണ് വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുനലൂര്‍ ഭൂരേഖ തഹസീല്‍ദാര്‍ മീന്‍കുളത്ത് പ്രവര്‍ത്തിക്കുന്ന ചണ്ണപ്പേട്ട വില്ലേജ് ഓഫീസില്‍ അപ്രതീക്ഷിതമായി പരിശോധനക്ക് എത്തിയത്. പരിശോധനയില്‍ അന്‍പതോളം തണ്ടപ്പേരുകള് രജിസ്റ്ററില്‍ ചേര്‍ക്കാതെ ശൂന്യമായി കിടക്കുന്നത് കണ്ടെത്തി. അതേസമയം തന്നെ ഈ തണ്ടപ്പേരുകള് ബാക്ക് ലോഗ് എൻട്രി മുഖേന തണ്ടപ്പേര് പിടിപ്പിച്ചിട്ടുള്ളതായും കണ്ടെത്തി.
കൂടുതല്‍ പരിശോധനയ്ക്കായി ഈ തണ്ടപ്പേരുകളുടെ പോക്കുവരവ് ഫയലുകള്‍ ഹാജരാക്കാനും വില്ലേജ് ഓഫീസര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല. ഓഫീസില്‍ നിന്നും ലഭിച്ച ആറുഫയലുകള് പരിശോധിച്ചതില്‍ നിന്നും 3764, 3765 തുടങ്ങിയ തണ്ടപ്പേരിലുള്ള ഭൂമിക്ക് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വിസ്തീര്‍ണം രേഖപ്പെടുത്തിയിരിക്കുന്നതായും കണ്ടെത്തി.
സര്‍വേ അദാലത്തില്‍ തണ്ടപ്പേര് പിടിപ്പിച്ചിട്ടുള്ള ഫയലുകള്‍ പരിശോധിച്ചതിലും നിരവധി സബ്ഡിവിഷന് പോക്കുവരവ് ഫയലുകള്‍ വില്ലേജ് ഓഫീസര്‍ സ്വമേധയ അംഗീകരിച്ചതായും അധികൃതര്‍ കണ്ടെത്തി.
സര്‍വേ അദാലത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ സര്‍വേയര്‍, ഹെഡ് സര്‍വേയര്‍, എന്നിവര്‍ നേരിട്ടെത്തി സ്ഥലം പരിശോധിച്ച് നല്കുന്ന റിപ്പോര്‍ട്ട് എല്‍.ആര് തഹസീല്‍ദാര്‍ പരിശോധിച്ചു വേണം അംഗീകാരം നല്കാന് എന്നിരിക്കെ ചണ്ണപ്പേട്ട വില്ലേജ് ഓഫീസറുടെ നടപടി ഗുരുതരമായ ക്രമക്കേട് ആണെന്ന് ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റീ സര്‍വേ സംബന്ധിച്ച് ഭൂമിയുടെ വിസ്തീര്‍ണം കൂടുതലോ കുറവോ ഉണ്ടാകുന്ന പക്ഷം ഇത്തരം കേസുകളില്‍ സര്‍വേ ആന്റ് ബൌണ്ടറീസ് നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചും അധികാരികളോ കോടതിയോ വിഷയം തീര്‍ച്ചപ്പെടുത്താതെ നിര്‍ണയിക്കപ്പെടാന്‍ പാടില്ലെന്ന ചട്ടവും വില്ലേജ് ഓഫീസര്‍ ആര് രതീഷ് ലംഘിച്ചു.
ഇതടക്കം ഗുരുതരമായ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞുള്ള ഭൂരേഖ തഹസീല്‍ദാര്‍ സന്തോഷ് കുമാറിന്റെ റിപ്പോര്‍ട്ടിലാണ് ചണ്ണപ്പേട്ട വില്ലേജ് ഓഫീസര്‍ രതീഷിനെ സസ്പെന്റ് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് വില്ലേജ് ഓഫീസില്‍ എത്തിയ വീട്ടമ്മയോട് വില്ലേജ് അസിസ്റ്റന്റ് മോശമായി പെരുമാറി എന്ന് ആരോപിച്ചുകൊണ്ട് ഓഫീസറെ പൂട്ടിയിടുകയും വില്ലേജ് ഓഫീസിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയും ചെയ്തത്.
ചണ്ണപ്പേട്ട വില്ലേജ് ഓഫീസില്‍ അടുത്തിടെ നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കാനാണ് ഉന്നത റവന്യു അധികൃതരുടെ തീരുമാനം