പരാക്രമം വേണാടിനോട്
1227296
Monday, October 3, 2022 11:10 PM IST
സ്വന്തം ലേഖകൻ
കൊല്ലം: ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസിൽ സാമൂഹിക വിരുദ്ധരുടെ പരാക്രമം തുടർക്കഥയാകുന്നു.
ഞായർ രാത്രി 8.40 ന് വണ്ടി ശാസ്താംകോട്ട സ്റ്റേഷനിൽ എത്തിയപ്പോൾ ഒരാൾ ബാത്ത് റൂമിനോട് ചേർന്നുള്ള വാഷ് ബേസിന് മുകളിലുള്ള വലിയ കണ്ണാടി അടിച്ചു തകർത്തു. നിമിഷ നേരത്തിനുള്ളിൽ അക്രമി ഇരുളിൽ രക്ഷപ്പെടുകയും ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. അവധി ദിവസം ആയതിനാൽ വണ്ടിയിൽ യാത്രക്കാർ വളരെ കുറവായിരുന്നു. പരിസരമാകെ കണ്ണാടി ചില്ലുകൾ കിടന്നതിനാൽ പിന്നീട് ആർക്കും വാഷ് ബേസിൻ ഉപയോഗിക്കാനും കഴിഞ്ഞില്ല. പോലീസിൽ അറിയിച്ചെങ്കിലും അവർ വൈകിയാണ് എത്തിയത്.
രണ്ട് ദിവസം മുമ്പും സമാനമായ രീതിയിലുള്ള സംഭവം ഇതേ വണ്ടിയിൽ അരങ്ങേറി. അന്ന് ബാത്ത് റൂമിന്റെ വാതിലാണ് ആരോ തകർത്തത്. രണ്ട് സംഭവത്തിലും പ്രതികളെ തിരിച്ചറിയാനോ പിടികൂടാനോ റെയിൽവേ പോലീസിന് സാധിച്ചിട്ടില്ല. അക്രമികളെ കുറിച്ച് എന്തങ്കിലും വിവരം ലഭിക്കുന്നങ്കിൽ അറിയിക്കണമെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് പോലീസ്. അതും യാത്രക്കാരന്റെ ചുമതല എന്ന നിലപാടിലാണ് നിയമപാലകർ.
രാത്രി ഓടുന്ന വേണാട് എക്സ്പ്രസിൽ ഡ്യൂട്ടിക്ക് പോലീസുകാരെ നിയോഗിച്ചിട്ടുണ്ടന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷേ കമ്പാർട്ട്മെന്റുകളിൽ ആരും പരിശോധന നടത്താറില്ലെന്ന് വേണാടിലെ സ്ഥിരം യാത്രക്കാർ പറയുന്നു. ഡ്യൂട്ടിയിലുള്ളവർ നേരത്തേ കൂട്ടി സീറ്റ് തരപ്പെടുത്തി "സുഖയാത്ര' നടത്തുകയാണന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഇതുകാരണം ലേഡീസ് കമ്പാർട്ട്മെന്റുകളിൽ രാത്രി യാത്ര ചെയ്യാൻ സ്ത്രീകൾ മടിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് ഒരു നടപടിയും റെയിൽവേ പോലീസ് സ്വീകരിക്കുന്നില്ലന്നാണ് വലിയ ആക്ഷേപം.
യാത്രക്കിടയിൽ എന്തങ്കിലും അപകടമോ അതിക്രമമോ ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം പോലീസിൽ വിളിച്ചു പറയുന്നവരുടെ കാര്യം കുഴപ്പത്തിലാണ്. പിന്നെ പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും അവർ തന്നെ ഉത്തരം പറയണം. തങ്ങൾക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്ന തരത്തിലാണ് പോലീസിന്റെ നിലപാടുകൾ. ഇതുകാരണം പലരും ഇപ്പോൾ വിവരങ്ങൾ പോലീസിൽ അറിയിക്കാൻ മടിക്കുന്ന അവസ്ഥയാണ്. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് പോലീസിന്റെ ഇത്തരം രീതിക്കെതിരേ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.