ഹർത്താൽ ദിനത്തിൽ പൊതുമുതൽ നശിപ്പിച്ച പ്രതികൾ പിടിയിൽ
1225272
Tuesday, September 27, 2022 10:59 PM IST
കൊല്ലം: പോപ്പുലർ ഫ്രണ്ട ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താലിന്റെ ഭാഗമായി അക്രമ പ്രവർത്തനങ്ങൾ നടത്തിയ പ്രതികളെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. കയ്യാലയ്ക്കൽ, ആസാദ് നഗർ 219, ഷഫിനാ മൻസിൽ ഷംനാദ് (37), പോളയത്തോട്, നാഷണൽ നഗർ 168, വയലിൽ തോപ്പിൽ സജീർ (26) എന്നിവരാണ് പോലീസ് പിടിയിൽ ആയത്. നിയമവിരുദ്ധമായി നടത്തിയ ഹർത്താലിൽ സംസ്ഥാനത്ത് ഒട്ടാകെ നിരവധി അക്രമ പ്രവർത്തനങ്ങൾ ആണ് ഹർത്താൽ അനുകൂലികൾ നടത്തിയത്.
തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെയും, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വാഹനത്തിന്റെയും ഗ്ലാസ് തട്ടാമല ഭാഗത്ത് ബൈക്കിലെത്തിയ പ്രതികൾ എറിഞ്ഞ് തകർത്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് ഇവർക്കെതിരെ പിഡിപിപി ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ പോലീസ് നടത്തി വന്ന അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാംണ് ഇവരെ പിടികൂടിയത്.