കാഞ്ഞങ്ങാട്: തെലങ്കാന ആസ്ഥാനമായ ലതാ രാജാ ഫൗണ്ടേഷന് നിസ്വാര്‍ത്ഥ സേവനത്തിനായി ഏര്‍പ്പെടുത്തിയ സേവാ ധാര്‍മിക് പുരസ്കാരം മടിക്കൈ മലപ്പച്ചേരിയിലെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം തെലങ്കാന സംഘറെഡ്ഡി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ്ചെയര്‍മാന്‍ മനു ചാക്കോ, ട്രസ്റ്റ് മെമ്പര്‍ സുസ്മിത ചാക്കോ എന്നിവര്‍ ഏറ്റുവാങ്ങി.
ഈശ്വരിഭായ് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ.ജെ.ഗീത റെഡ്ഡി, ജില്ലാ കളക്ടര്‍ ക്രാന്തി വള്ളുരു, എംഎന്‍ആര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് എം.രാജു, ബാലലത മല്ലവരപു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജസ്ഥാനിലെ നാരായണ്‍ സേവാ സസ്താന്‍, ആന്ധ്രാപ്രദേശിലെ ഹീല്‍, ഹൈദരാബാദിലെ ആനന്ദവിദ്യാര്ഥിഗൃഹ എന്നീ സ്ഥാപനങ്ങളും പുരസ്കാരത്തിന് അര്‍ഹരായി. അവാര്‍ഡ് ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം സ്ഥാപകന്‍ പരേതനായ എം.എം.ചാക്കോയ്ക്കും ഷീല ചാക്കോയ്ക്കും സമര്‍പ്പിക്കുന്നതായി സുസ്മിത ചാക്കോ അറിയിച്ചു.