കണ്ടതു രണ്ട് പെരുന്പാന്പുകളെ; പിടിച്ചത് നാലിനെ
1467203
Thursday, November 7, 2024 5:48 AM IST
കണ്ണൂർ: പുതിയതെരുവിൽ പഴയ കെട്ടിടത്തിന് മുകളിൽ കണ്ടെത്തിയ രണ്ടു പെരുന്പാന്പുകൾ വ്യാപാരികളെയും പ്രദേശവാസികളെയും ആശങ്കയിലാക്കിയ സാഹചര്യത്തിൽ പാന്പുകളെ പിടിക്കാനിറങ്ങിയവർക്ക് കിട്ടിയത് നാലെണ്ണത്തിനെ! പാമ്പ് പിടിത്തക്കാരുടെയും പുതിയതെരു ടൗണിലെ ഒരു സംഘം വ്യാപാരികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നടത്തിയ തെരച്ചിലിലാണ് നാലു പെരുന്പാന്പുകളെ പിടികൂടിയത്.
കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയിൽ പുതിയതെരുവിലെ പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് തിങ്കളാഴ്ച രാത്രി എട്ടോടെ രണ്ടു പെരുന്പാന്പുകളെ കണ്ടെത്തിയത്. വിവരമറിഞ്ഞ് കെ.വി. സുമേഷ് എംഎൽഎ സ്ഥലത്തെത്തുകയും പാന്പുകളെ പിടികൂടാനാവാശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും വനംവകുപ്പ് ജീവനക്കാരും പാന്പുപിടിത്തക്കാരും രാത്രി വൈകുവോളം ശ്രമിച്ചെങ്കിലും പാന്പുകളെ കണ്ടെത്താനായിരുന്നില്ല.
അടുത്ത ദിവസം മത്സ്യ മാർക്കറ്റിന് സമീപവും കൊറ്റാളി റോഡിൽ പുതിയതെരു പള്ളിയുടെ സമീപവും പാന്പുകളെ കണ്ടിരുന്നു. തിങ്കളാഴ്ച കടമുറിയുടെ മുകളിൽ കണ്ടെത്തിയ പാന്പുകളായിരിക്കാം ഇതെന്നായിരുന്നു കരുതിയത്.
ഇന്നലെ രാവിലെ പാന്പുകളെ പിടിക്കാനായി സ്നേക്ക് റസ്ക്യുവർമാരായ രഞ്ജിത്ത് നാരായണൻ, ജിഷ്ണു എന്നിവർ എത്തിയപ്പോൾ ഇക്കാര്യം നാട്ടുകാർ ഇവരോട് പറഞ്ഞു. ഇതേ തുടർന്ന് ഇരുവരും രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ മത്സ്യമാർക്കറ്റിനു സമീപത്ത് വച്ച് ഉച്ചയോടെയാണ് ആദ്യത്തെ പാന്പിനെ പിടികൂടിയത്. പുതിയതെരു പള്ളിക്ക് സമീപം നടത്തിയ തെരച്ചിലിൽ രണ്ടാമത്തെ പാന്പിനെയും പിടികൂടി.
തുടർന്ന് തിങ്കളാഴ്ച പാന്പുകളെ കണ്ടെത്തിയ കെട്ടിടത്തിനു പിറകുവശത്തെ കുറ്റിക്കാടുകൾ വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വെട്ടിത്തെളിക്കാൻ തീരുമാനിച്ചു. കാടുകൾ വെട്ടിത്തുടങ്ങിയപ്പോൾ തന്നെ മൂന്നാമത്തെ പാന്പിനെ പിടികൂടി. ബാക്കിഭാഗം വെട്ടിത്തെളിക്കുന്നതിനിടെയാണ് നാലാമത്തെതിനെ പിടികൂടിയത്. പാന്പുകളെ പിടികൂടിയ രഞ്ജിത്ത് നാരായണൻ, ജിഷ്ണു എന്നിവരെ വ്യാപാരികളും നാട്ടുകാരും അഭിനന്ദിച്ചു. പിടികൂടിയ പാന്പുകളെ ഉൾക്കാട്ടിലേക്ക് തുറന്നു വിടും.