ഷീ ടോയ്ലറ്റുകൾക്ക് പൂട്ട്; നഷ്ടം 3.4 കോടി
1466815
Tuesday, November 5, 2024 8:36 AM IST
അനുമോൾ ജോയ്
കണ്ണൂർ: സ്ത്രീകൾക്കായി വനിതാ കോർപറേഷന്റെ നേതൃത്വത്തിൽ തുടങ്ങിയ ഷീ-ടോയ്ലറ്റ് പദ്ധതി കട്ടപ്പുറത്ത്. പദ്ധതിപ്രകാരം സംസ്ഥാനത്ത് 57 ടോയ്െലറ്റുകളാണ് സ്ഥാപിച്ചത്. എന്നാൽ, ഇവയെല്ലാം പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കൃത്യമായി ആസൂത്രണമില്ലാതെ ടോയ്ലറ്റുകൾ സ്ഥാപിച്ചതുകൊണ്ടാണ് ഇവ പൂട്ടിപ്പോകാൻ കാരണമെന്നാണ് ആക്ഷേപമുയരുന്നത്. 2012 ലാണ് ഷീ- ടോയ്ലെറ്റുകൾ ആരംഭിച്ചിരുന്നെങ്കിലും 2017 ൽ തന്നെ പദ്ധതിക്ക് പൂട്ട് വീണിരുന്നു. സ്ത്രീകൾക്ക് സുരക്ഷിതമായ ഉപയോഗിക്കാവുന്ന രീതിയിൽ പൊതുശുചിമുറികൾ ഒരുക്കുന്നതിനായി 3.4 കോടി രൂപ ചെലവിൽ വനിതാ കോർപറേഷന്റെ നേതൃത്വത്തിലാണ് ഷീ ടോയ്ലെറ്റുകൾ നിർമിച്ചത്.
നാണയമിട്ടാൽ പ്രവർത്തിക്കുന്ന സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, ഉപയോഗിച്ച നാപ്കിനുകൾ വലിച്ചെറിയാനായി ഇൻസിനറേറ്റർ, സുരക്ഷാ സവിശേഷതകൾ, വാതിലുകളിൽ ഇലക്ട്രോണിക്സ് ഡിസ്പ്ലേ ബോർഡ്, എഫ്എം തുടങ്ങി സ്ത്രീ സൗഹൃദ-സാങ്കേതിക വിദ്യാ അധിഷ്ഠിത ടോയ്െലറ്റുകൾ നിർമിക്കുകയെന്നതായിരുന്നു പദ്ധതി.
തിരുവനന്തപുരത്താണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയത്. പിന്നീട് ഏഴു ജില്ലകളിലായി 57 ടോയ്ലെറ്റുകൾ നിർമിച്ചു. എന്നാൽ, ഇവ നിർമിച്ച് ചുരുങ്ങിയ ദിവസം മാത്രമാണ് പ്രവർത്തിച്ചത്. ഓരോ ടോയ്െലറ്റും ഏകദേശം അഞ്ചുലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. എന്നാൽ, നിർമാണം പൂർത്തിയായി ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തന്നെ സാങ്കേതിക വിദ്യകൾ താറുമാറായി. നാണയമിട്ടാൽ വാതിലുകൾ തുറന്നില്ല. ആദ്യം ഒന്നോ രണ്ടോ ടോയ്ലെറ്റുകൾക്ക് മാത്രമാണ് പ്രശ്നം ഉണ്ടായിരുന്നതെങ്കിൽ പിന്നീട് എല്ലാ ടോയ്ലെറ്റുകളുടെയും അവസ്ഥ ഇതുതന്നെയായി.
ദിനം പ്രതി പ്രശ്നങ്ങൾ വരാൻ തുടങ്ങിയതോടെ സർക്കാർ നിർദേശപ്രകാരം ഷീ ടോയ്ലെറ്റുകൾക്ക് പൂട്ടുവീഴുകയായിരുന്നു. ടോയ്െലറ്റുകളുടെ നിർമാണ സമയത്ത് കരാറുകാർക്ക് അറ്റകുറ്റപ്പണികൾ സംബന്ധിച്ച് കരാർ ഉണ്ടാക്കിയിരുന്നില്ല. അറ്റകുറ്റപ്പണികൾ താത്കാലിക്കാരെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. അറ്റകുറ്റപ്പണിയും വർധിച്ചുവരുന്ന പരിപാലനച്ചെലവും കാരണമാണ് പദ്ധതിക്ക് പൂട്ടുവീണതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതോടെ കോടികൾ ചെലവിട്ട് നിർമിച്ച ടോയ്ലെറ്റുകളെല്ലാം പാഴായി.