സോളാർ തൂക്കുവേലി നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1466851
Wednesday, November 6, 2024 1:12 AM IST
ഇരിട്ടി: കച്ചേരിക്കടവ്, പാലത്തിൻകടവ് പ്രദേശങ്ങളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ കടന്നു വരുന്നത് തടയുന്നതിനായി നബാർഡ് സഹായത്തോടെ വനംവകുപ്പ് നിർമിക്കുന്ന സോളാർ തൂക്കുവേലി നിർമാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയിൽ പെടുത്തണമെന്നും കൊന്നു കുഴിച്ചു മൂടാതെ ഭക്ഷിക്കാനുള്ള അനുമതി നൽകുകയാണ് വേണ്ടതെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
രണ്ടു റീച്ചുകളായി കച്ചേരിക്കടവ് - മുടിക്കയം 2.8 കിലോമീറ്റർ (23.2 ലക്ഷം), മുടിക്കയം - പാലത്തിൻകടവ് 3.7 കിലോമീറ്റർ (30.6 ലക്ഷം) രൂപ മുതൽമുടക്കി 6.5 കിലോമീറ്റർ ദൂരം വരുന്ന സോളാർ തൂക്കുവേലിയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. മൂന്നു മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുമെന്നു കരാറുകാരൻ അറിയിച്ചു. കച്ചേരിക്കടവ് മുതൽ പാലത്തിൻകടവ് വരെയുള്ള അതിർത്തിയിൽ നിലവിലെ സോളാർ തൂക്കുവേലി പൂർത്തിയാകുമ്പോൾ രണ്ട് കിലോമീറ്റർ അതിർത്തി അവശേഷിക്കുമെന്നും ഇതുവഴി ആനകൾ പ്രവേശിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഇവിടെ പഞ്ചായത്ത് ഫണ്ട് വകയിരുത്തി വേലി നിർമിക്കുമെന്ന് പ്രസിഡന്റ് കുര്യാച്ചൻ പൈന്പള്ളിക്കുന്നേൽ അറിയിച്ചു. ബാരാപോൾ പുഴത്തീരത്ത് നടന്ന പരിപാടിയിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, കച്ചേരിക്കടവ് സെന്റ് ജോർജ് പള്ളി വികാരി ഫാ. മാത്യു പൊട്ടംപ്ലാക്കൽ, കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, അയ്യൻകുന്ന് പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സിന്ധു ബെന്നി, ലിസി തോമസ്, മിനി വിശ്വനാഥൻ, സജി മച്ചിത്താന്നി, സിബി വാഴക്കാല, സെലീന ബിനോയി, എൽസമ്മ ജോസഫ്, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി. സുനിൽ കുമാർ, വിൽസൺ കുറുപ്പംപറമ്പിൽ, ടോമി സൈമൺ മണിക്കൊമ്പേൽ, സാബു വെട്ടിക്കാട്ടിൽ, ബെന്നി ചിറപ്പാട്ട്, ഡിൽജോ കുറ്റ്യാനി, ബിജു പുതിയവീട്ടിൽ, ബിജുനിത്ത് കുറുപ്പംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.