വിലയിടിവിൽ വലഞ്ഞ് റബർ കർഷകർ
1467193
Thursday, November 7, 2024 5:48 AM IST
പെരുമ്പടവ്: 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം റബർ വില 255ൽ എത്തിയപ്പോൾ ഉണർന്ന റബർ കർഷകരെ നിരാശയിലാക്കി വീണ്ടും വിലയിടിവ്. റബറിന്റെ വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ ഉണ്ടായ വിലത്തകർച്ചയിൽ കർഷകർ കടുത്ത ആശങ്കയിൽ. പ്രധാന ഉപഭോഗ രാജ്യമായ ചൈനയിൽ റബറിനു ഡിമാൻഡ് കുറഞ്ഞതാണ് വിലക്കുറവിനു കാരണമായി വ്യാപാരികൾ പറയുന്നത്.
കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉത്പാദനം കുറയുമ്പോഴും വില വർധനയിൽ പിടിച്ചുനിൽക്കാം എന്നു കരുതിയ കർഷകർ ഇപ്പോൾ ദുരിതത്തിലായി. ടാപ്പിംഗ് നിർത്തിവച്ചിരുന്ന പല തോട്ടങ്ങളും റബർവില വർധനയിൽ പ്രതീക്ഷയർപ്പിച്ച് മരുന്നടിക്കുകയും റെയിൻ ഗാർഡ് ഇടുകയും ചെയ്തെങ്കിലും കർഷകന് യാതൊരു പ്രയോജനവും ലഭിക്കാത്ത അവസ്ഥയാണ്. അടിക്കടി ഉണ്ടാകുന്ന വിലക്കുറവിനെതുടർന്ന് റെയിൻ ഗാർഡ് ഇട്ടതിന്റെ ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.
റബറിന്റെ വില വർധനയിൽ പ്രതീക്ഷയർപ്പിച്ച് പലിശയ്ക്ക് പണം വാങ്ങി റബർ തോട്ടങ്ങൾ പാട്ടത്തിന് എടുത്തവരും സങ്കടത്തിലാണ്.
റബർ ഇറക്കുമതി പൂർണമായി നിരോധിച്ചും വർധിപ്പിച്ചും റബർ വില ഉയർത്തി കർഷകർക്ക് പ്രയോജനപ്പെടുന്ന നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കേരള സർക്കാരിന്റെ വില സ്ഥിരതാഫണ്ട് 250 രൂപയാക്കി വർധിപ്പിച്ച് കേന്ദ്ര-കേരള സർക്കാരും റബർ ബോർഡും ഉണർന്നു പ്രവർത്തിച്ചാൽ റബർ കർഷകരെ സാമ്പത്തിക ദുരിതത്തിൽ നിന്നും കരകയറ്റാൻ സാധിക്കും.
കിലോയ്ക്ക് 250 രൂപ ലഭിച്ചിരുന്ന റബറിനു നിലവിൽ 175 രൂപ വരെ മാത്രമാണ് കർഷകർക്ക് വില ലഭിക്കുന്നത്. റബർ വില ഉയർന്നതിനെ തുടർന്ന് ടാപ്പിംഗ് തൊഴിലാളികൾ റബർ ഒന്നിന് മൂന്നു രൂപ മുതൽ 3.50 വരെ കൂലി വർധിപ്പിച്ചതായും കർഷകർ പറയുന്നു.