സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി അട്ടിമറിച്ചതായി പരാതി
1466854
Wednesday, November 6, 2024 1:12 AM IST
കൊട്ടിയൂർ: കൊട്ടിയൂർ ചപ്പമല സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി കമ്മിറ്റിയംഗങ്ങൾ സ്വന്തക്കാർക്കായി അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രദേശവാസികൾ കൊട്ടിയൂർ റേഞ്ച് ഓഫീസിലെത്തി പ്രതിഷേധിച്ചു.
വനാതിർത്തിയിലെ സ്ഥിരം താമസക്കാരെ ഒഴിവാക്കി വനമേഖലയിൽനിന്നും ഏറെ ദൂരെ താമസിക്കുന്നവരുടെ ഭൂമി വനംവകുപ്പ് ഏറ്റെടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ ടി.ബി. പ്രസാദിന്റെ ഓഫീസിലാണ് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്തംഗങ്ങളായ ജോണി ആമക്കാട്ട്, ജെസി ഉറുമ്പിൽ എന്നിവരും പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്നു.
2018 ലാണ് കേരള സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്.
വന്യമൃഗശല്യം, ഉരുൾപൊട്ടൽ ഭീഷണി എന്നിവ നേരിടുന്ന പ്രദേശത്തുള്ളവർക്ക് തങ്ങളുടെ ഭൂമി സർക്കാരിന് കൈമാറി മാനദണ്ഡപ്രകാരമുള്ള തുക കൈപ്പറ്റി പ്രദേശത്തുനിന്ന് സന്നദ്ധരായി ഒഴിഞ്ഞുപോകാമെന്നതാണ് പദ്ധതി. ഇതിൽ കൊട്ടിയൂർ പഞ്ചായത്തിലെ ചപ്പമല, നെല്ലിയോടി, പാലുകാച്ചിമല തുടങ്ങിയ മേഖലകളിലുള്ളവരാണ് ഉപഭോക്താക്കളായി എത്തിയത്.
ചപ്പമലയിൽ നിന്ന് മാത്രം നൂറോളം പേർ അപേക്ഷ സമർപ്പിച്ചിരുന്നു. സർക്കാർ മാനദണ്ഡത്തിൽ പ്രധാനമായി പറഞ്ഞിരുന്നത് വനാതിർത്തി പങ്കിടുന്ന ഭൂമിയുള്ളവരും ഈ ഭൂമിയിൽ സ്ഥിരമായി താമസിക്കുന്നവർക്കും മുൻഗണന നൽകണമെന്നാണ്. എന്നാൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയിൽപെട്ട ചിലർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് വനാതിർത്തിയിലുള്ളവരെ ഒഴിവാക്കി അര കിലോമീറ്റർ അകലെ വരെയുള്ളവരെ പദ്ധതിയിൽ ഉൾപ്പടെുത്തി തുക കൈമാറി.
ഭൂമി ഏറ്റെടുത്തവരുടെ സ്ഥലത്തിന് മുകളിൽ വനാതിർത്തിയോട് ചേർന്നു താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലായി. ഇവർക്ക് തങ്ങളുടെ വീടുകളിലേക്ക് പോകാൻ വഴി പോലുമില്ലാതായി.
സർക്കാർ അധീനതയിലുള്ള സ്ഥലത്തുകൂടി വേണം ഇവർക്ക് സഞ്ചരിക്കാൻ എന്നതും വലിയ പ്രശ്നമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ ഭാരവാഹികളിൽ ഒരാൾ നാട്ടുകാരിൽനിന്ന് പിരിവെടുക്കുകയും വൻ അഴിമതി നടത്തിയതായും പ്രതിഷേധക്കാർ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നന്പുടാകത്തിന്റെ നേതൃത്വത്തിൽ റേഞ്ച് ഓഫീസിൽ നടന്ന ചർച്ചയിൽ 12ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ വനംവകുപ്പിന്റെയും പദ്ധതിയിൽ ഉൾപ്പെടുന്ന ജനങ്ങളുടെയും സംയുക്ത യോഗം ചേരാമെന്നും പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഉറപ്പു നൽകി. ഇതേത്തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കണം
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം പ്രദേശത്തെ ആരുടെ ഭൂമിയും ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് എതിരല്ല. പക്ഷേ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു മാത്രമേ ഭൂമി ഏറ്റെടുക്കൽ നടത്താവൂ എന്ന് സർക്കാർ ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. വനാതിർത്തി പങ്കിടുന്ന ഭൂമിയുള്ളവരോ ഇതേ ഭൂമിയിൽ സ്ഥിരമായി താമസിക്കുന്നവരോ ആയവർക്ക് മുൻഗണന നൽകണം എന്ന് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ചപ്പമലയിൽ ഇത് അട്ടിമറിക്കപ്പെട്ടു എന്നാണ് മനസിലാകുന്നത്.
(റോയി നമ്പുടാകം, കൊട്ടിയൂർ
പഞ്ചായത്ത്
പ്രസിഡന്റ്)
ഉദ്യോഗസ്ഥ-കമ്മിറ്റി ഒത്തുകളി
വനത്തോട് ചേർന്നുകിടക്കുകയും സ്ഥിരമായി ഇവിടെ താമസിക്കുകയും ചെയ്യുന്നവരുടെ സ്ഥലംപദ്ധതി പ്രകാരം ഏറ്റെടുക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. എന്നാൽ വനാതിർത്തിയിൽ നിന്നും ഏറെ മാറി താമസിക്കുന്നവരുടെ ഭൂമി ഏറ്റെടുക്കുകയും പണം നൽകുകയും ചെയ്തു. ചില ഉദ്യോഗസ്ഥരും കമ്മിറ്റി ഭാരവാഹിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു കാരണം. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ് ഉണ്ടായത്.
ബെന്നി ചാമനാട്ട്
(പ്രദേശവാസി)