പയ്യാവൂർ പട്ടയമേള: ആദ്യഘട്ടം തുടങ്ങി
1466794
Tuesday, November 5, 2024 8:20 AM IST
പയ്യാവൂർ: പയ്യാവൂരിൽ സമ്പൂർണ പട്ടയ വിതരണം നടപ്പാക്കുന്നതിന് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആസൂത്രണം ചെയ്ത കർമപദ്ധതി ‘പയ്യാവൂർ പട്ടയമേള' യുടെ ആദ്യഘട്ടത്തിന് തുടക്കമായി. പയ്യാവൂർ ഗവ. യുപി സ്കൂളിൽ ആരംഭിച്ച കൈവശരേഖ പരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ വിജയൻ ചെല്ലട്ടൻ, പയ്യാവൂർ വില്ലേജ് ഓഫീസർ കെ.വി. ജിജു, ചാവശേരി വില്ലേജ് ഓഫീസർ എം.ആർ. മനോജ് കുമാർ, മുഴക്കുന്ന് സ്പെഷൽ വില്ലേജ് ഓഫീസർ കെ.സി.സനിധൻ, ഇരിട്ടി താലൂക്ക് റിട്ട. ഡപ്യൂട്ടി തഹസിൽദാർ ടി.കെ. പവിത്രൻ, പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറും ചേർന്നാണ് കൈവശ രേഖകളുടെ പരിശോധന പൂർത്തിയാക്കിയത്. 168 ഭൂഉടമകളാണ് കൈവശരേഖ പരിശോധന ക്യാമ്പിൽ എത്തിയത്. ഇതിൽ 130 ആളുകളുടെയും പട്ടയം ഇല്ലാത്ത ഭൂമിയാണെന്നത് തിരിച്ചറിയാൻ സാധിച്ചു.
ചുരുക്കം ആളുകൾക്ക് നികുതി അടയ്ക്കാത്ത ഭൂമിയാണുള്ളതെന്നും മനസിലായി. പയ്യാവൂർ പട്ടയമേളയുടെ രണ്ടാംഘട്ടമായി പട്ടയത്തിനുള്ള അപേക്ഷ നൽകേണ്ടതിന്റെ നടപടികൾ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവരെ പഠിപ്പിക്കും. ഇതിനായി നവംബർ മാസത്തിൽ തന്നെ ശില്പശാല സംഘടിപ്പിക്കും.
മൂന്നാം ഘട്ടത്തിൽ അപേക്ഷകരെ സഹായിക്കാൻ വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് ആഴ്ചയിൽ രണ്ടുദിവസം പ്രവർത്തിക്കുന്ന "ഹെൽപ്പ് ഡെസ്ക്’ തുറക്കും. ഡിസംബർ അവസാനത്തോടെ അപേക്ഷകൾ സമർപ്പിക്കത്തക്ക രീതിയിലാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്ഥിരം ഹെൽപ് ഡെസ്കിന് പയ്യാവൂർ മുത്താറിക്കുളം സ്വദേശിയായ റിട്ട. ഡപ്യൂട്ടി തഹസിൽദാർ ടി.കെ. പവിത്രൻ നേതൃത്വം നൽകും. പട്ടയ പരിശോധന ക്യാമ്പിൽ പങ്കെടുക്കാത്തവർക്കും ശില്പശാലയിൽ പങ്കെടുക്കാം. അവർക്കും എല്ലാ സേവനങ്ങളും ലഭ്യമാക്കും. നാലാം ഘട്ടത്തിൽ പയ്യന്നൂർ ലാൻഡ് ട്രൈബ്യൂണലിൽ സൗജന്യ നിയമ സഹായം നൽകാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ടീമിനെ രൂപീകരിക്കും.
അഴിമതി രഹിതവും സുതാര്യവുമായി നടത്തുന്ന പട്ടയമേള റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. കുറഞ്ഞത് 500 പേർക്കെങ്കിലും ഇതിന്റെ ഗുണം ലഭ്യമാകുമെന്നതാണ് പ്രതീക്ഷ. ആദിവാസി സങ്കേതങ്ങളിൽ പ്രത്യേക പരിശോധന ക്യാമ്പ് നവംബർ മാസത്തിൽ പൂർത്തിയാക്കും. ഭൂദാൻ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള വാതിൽമട പ്രദേശവാസികളുടെ കാര്യവും റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
പഞ്ചായത്തിലെ ലക്ഷംവീട് കോളനികളിലെയും സ്ഥിരതാമസക്കാർക്കുള്ള പട്ടയം ഉടൻ ലഭ്യമാക്കും. കൈവശരേഖ പരിശോധന ക്യാമ്പിന് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ആർ. മോഹനൻ, ആനീസ് ജോസഫ്, വാർഡ് മെംബർമാരായ രജനി സുന്ദരൻ, പ്രഭാവതി മോഹനൻ, സിജി ഒഴാങ്കൽ, ജിൽസൺ കണികത്തോട്ടം എന്നിവർ നേതൃത്വം നൽകി.