ജപ്തിയിൽനിന്നു രക്ഷപ്പെടാൻ നീതിപീഠത്തിന്റെ കനിവു വേണം
1466856
Wednesday, November 6, 2024 1:12 AM IST
ഇരിട്ടി: ജപ്തിയിൽനിന്നു രക്ഷപെടാൻ നീതിപീഠത്തിന്റെ കനിവിനായി കേഴുന്നത് ആറളം പഞ്ചായത്തിലെ കളരിക്കാട് സ്വദേശിനി ഹൈമവതിയും ഒൻപതാംക്ലാസ് വിദ്യാർഥിയായ മകനും. നിലവിൽ പോക്സോ കുറ്റത്തിനു ശിക്ഷ അനുഭവിക്കുന്ന ഭർത്താവിന് ജാമ്യം നിന്നതിന്റെ ഭാഗമായാണ് ഭാര്യ ഹൈമവതിയും മറ്റൊരു ജാമ്യക്കാരനായ പ്രദേശവാസിയായ ആന്റണി ഞവരക്കാട്ടും ഇപ്പോൾ റവന്യൂ റിക്കവറി നടപടികൾ നേരിടുന്നത്. ഇവർ രണ്ടുപേരുടെയും ജാമ്യത്തിൽ വെളിയിലിറങ്ങിയ പ്രതി മരത്തിൽനിന്നു വീണ് അപകടത്തിൽപ്പെട്ടിരുന്നു.
ചികിത്സയ്ക്കുശേഷം കേസിൽ ശിക്ഷ ലഭിക്കുമെന്ന് ഭയന്ന് ഇയാൾ ഒളിവിൽ പോയതോടെയാണ് ജാമ്യം നിന്നവർക്ക് നടപടി നേരിടേണ്ടിവന്നത്. പ്രതി അപകടം പറ്റി ചികിത്സയിലാണെന്ന വിവരം കോടതി അറിയാതെ പോയതും ജാമ്യക്കാർക്ക് തിരിച്ചടിയായി. ഒളിവിൽ കഴിഞ്ഞ സ്ഥലത്തുനിന്നു പോലീസ് പ്രതിയെ പിടികൂടിയതിനു ശേഷമാണ് ജാമ്യക്കാർക്കു രണ്ടുപേർക്കും റവന്യൂ നടപടിക്കുള്ള കോടതി ഉത്തരവ് ലഭിക്കുന്നത്.
10 സെന്റ് സ്ഥലവും പഴയ ഒരു ഓടിട്ട വീടും മാത്രമാണ് ഹൈമവതിക്കും കുടുംബത്തിനും സ്വന്തമായുള്ളത്. ആന്റണിക്ക്15 സെന്റ് സ്ഥലം മാത്രമാണുള്ളത്. ഹൈമവതിയുടെ അഞ്ചു സെന്റ് സ്ഥലം സർക്കാർ അറ്റാച്ച് ചെയ്താൽ ഇവർക്ക് വീട്ടിലേക്കു പ്രവേശിക്കാൻപോലും വഴിയില്ലാത്ത സാഹചര്യമാണ്. വില്ലേജിൽനിന്നു റവന്യൂ നടപടികൾക്കായുള്ള സമ്മർദം താങ്ങാൻ കഴിയാതെ താനും മകനും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് ഹൈമവതി പറയുന്നു. അങ്കണവാടി ഹെൽപ്പറായി ജോലിചെയ്യുന്ന ഹൈമവതിക്ക് മകന്റെ ചികിത്സാചെലവിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് റവന്യൂ നടപടികൾ ഭീഷണി സൃഷ്ടിക്കുന്നത്.
നിലവിൽ പ്രതി ശിക്ഷ അനുഭവിക്കുന്നതുകൊണ്ട് ജാമ്യക്കാരുടെ പേരിൽ എടുത്ത നടപടികൾ നിർത്തിവച്ച് തനിക്കും മകനും ജീവിക്കാനുള്ള സാഹചര്യം ഒരുക്കിതരണമെന്നാണ് ഹൈമവതിയുടെ ആവശ്യം. കുടുംബത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അഡ്മിസ്ട്രേറ ്റീവ് ഉത്തരവിലൂടെ ജില്ലാ കളക്ടർക്ക് റവന്യൂ നടപടികൾ നിർത്തിവയ്ക്കാൻ കഴിയും .