പ്രതിദിന ചെലവ് ഫണ്ട് അഞ്ചു വർഷമായി കുടിശിക; അങ്കണവാടികൾ പ്രതിസന്ധിയിൽ
1466857
Wednesday, November 6, 2024 1:12 AM IST
ആലക്കോട്: അങ്കണവാടികളുടെ പ്രതിദിനച്ചെലവിനുള്ള ഫണ്ട് അഞ്ചു വർഷമായി കുടിശികയായി കിടക്കുന്നത് അങ്കണവാടികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില വർധിച്ചെങ്കിലും അങ്കണവാടികളിലെ കുട്ടികൾക്കു വാങ്ങിച്ചു നൽകേണ്ട സാധനങ്ങൾക്കുള്ള ഫണ്ടിൽ വർധന വരുത്തിയിട്ടുമില്ല.
ഒരു കുട്ടിക്ക് അഞ്ചു രൂപ നിരക്കാണ് ഇപ്പോഴും തുടരുന്നത്. നിർദേശിക്കപ്പെട്ട വിഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്ക് ഭക്ഷണമൊരുക്കാൻ തങ്ങൾ കൈയിൽ നിന്ന് പണം ചെലവഴിക്കുകയാണെന്ന് വർക്കർമാരും ഹെൽപ്പർമാരും പറയുന്നു. അങ്കണവാടികളിലേക്ക് വിവിധ സാധനങ്ങളെത്തിക്കുന്നതിനുള്ള വാഹനച്ചെലവ്, ശുചീകരണ വസ്തുക്കളുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ എന്നിവയും ഇപ്പോൾ ജീവനക്കാർ സ്വന്തം ചെലവിലാണ് വാങ്ങുന്നത്. ഇവയ്ക്കെല്ലാം പ്രത്യേക ഫണ്ടുകളുണ്ടെങ്കിലും അഞ്ചു വർഷമായി കുടിശികയായി കിടക്കുകയാണെന്ന് ജീവനക്കാർ പറയുന്നു.
കേന്ദ്ര, സംസ്ഥാന, പഞ്ചായത്ത് വിഹിതമായി അങ്കണവാടി ജീവനക്കാർക്ക് നൽകുന്ന ഓണറേറിയം മൂന്നു തവണയായി നൽകുന്നതിന് പകരം മൂന്നും സമന്വയിപ്പിച്ച് ഒറ്റത്തവണയായി നൽകണമെന്ന ആവശ്യത്തോട് ബന്ധപ്പെട്ടവർ മുഖം തിരിച്ചുനിൽക്കുകയാണെന്നും ആക്ഷേപമുണ്ട്. വർക്കർമാർക്ക് 13,000 രൂപയും ഹെൽപ്പർമാർക്ക് 9,000 രൂപയുമാണ് മൂന്നു വിഹിതവും ചേർന്നുള്ള പ്രതിമാസ ഓണറേറിയം. വർക്കർമാരുടെ ഓണറേറിയത്തിൽ 6,300 രൂപ സംസ്ഥാന വിഹിതവും 4,500 രൂപ കേന്ദ്രവിഹിതവും 2,200 രൂപ പഞ്ചായത്ത് വിഹിതവുമായാണ് നൽകുന്നത്. ഹെൽപ്പർമാർക്ക് 5,300 രൂപ, 2,250 രൂപ, 1,450 രൂപ എന്ന നിലയിലാണ് വിഹിതം.
ഗഡുക്കളായി ലഭിക്കുന്ന ഓണറേറിയം ബാങ്ക് വായ്പാ തിരിച്ചടവ്, പ്രതിമാസച്ചെലവുകൾ എന്നിവയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയണെന്ന് ജീവനക്കാർ പറയുന്നു.അങ്കണവാടികളെ സാമൂഹികക്ഷേമ വകുപ്പിനു കീഴിൽനിന്ന് വനിതാ-ശിശുവികസന വകുപ്പിലേക്ക് മാറ്റിയെങ്കിലും പഴയ വകുപ്പിലെ ജോലികളിൽനിന്ന് ഇവരെ ഒഴിവാക്കിയിട്ടില്ല.സാമൂഹിക ക്ഷേമത്തിനു പുറമേ തദ്ദേശ, ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകളുടെ പരിപാടികളിലും യോഗങ്ങളിലും ഇവർ പങ്കെടുക്കണം. ഐസിഡിഎസിന്റെ പ്രതിമാസ അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിന് യാത്രാപ്പടി നൽകിയിരുന്നെങ്കിലും അഞ്ചു വർഷമായി ഇതും കുടിശികയാണ്.