മേഴ്സി കോപ്സിന്റെ കൈത്താങ്ങിൽ അവന്തികയും അനാമികയും അടച്ചുറപ്പുള്ള വീട്ടിലേക്ക്
1466394
Monday, November 4, 2024 3:24 AM IST
മാഹി: മസ്ക്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ രോഗം പിടിപെട്ട് നടക്കുവാൻ വയ്യാതായ മാഹി പന്തക്കലിലെ കുളമുള്ളതിൽ താഴെക്കുനിയിൽ അവന്തിക-അനാമിക സഹോദരിമാർക്ക് പുതിയ വീടൊരുക്കി പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ മേഴ്സി കോപ്സ് ചാരിറ്റി ട്രസ്റ്റ്. കുളമുള്ള തിൽ താഴെകുനിയിൽ ബിജു- ബിന്ദു ദന്പതികളുടെ മക്കളാണ് ഇരുവരും.
നാലാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു അവന്തികയ്ക്ക് രോഗം പിടിപെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു തന്റെ ഓട്ടോയിൽ കുട്ടിയെ സ്കൂളിൽ എത്തിക്കും. അധികാലം കഴിയും മുന്പെ അവന്തികയുടെ സഹോദരി അനാമികയ്ക്കും ഇതേ രോഗം പിടിപെട്ടു. രണ്ടു പേരും പൂർണമായി വീൽചെയറിലായി.
ഇതോടെ ഇവരുടെ കുടുംബമാകെ തളർന്നു. നാട്ടുകാരുടെ കൂട്ടായ്മയിൽ ഭവന നിർമാണക്കമ്മിറ്റി രൂപീകരിച്ചു വീട് നിർമാണവുമായി മുന്നോട്ടുപോയി. ഇതിനിടയിലാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ മേഴ്സി കോപ്സ് ചാരിറ്റി ട്രസ്റ്റ് ഈ കുടുംബത്തിന് കൈത്താങ്ങാകുന്നത്. ഏഴു മാസത്തിനുള്ളിൽ 10 ലക്ഷം രൂപ ചെലവഴിച്ച് പുതിയ വീട് ഭവന നിർമാണക്കമ്മിറ്റിയുടെ സഹകരണത്തോടെ നിർമിച്ചു.
കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലം ബാങ്കിൽ പണയപ്പെടുത്തി കുട്ടികളുടെ ചികിത്സ യ്ക്കായി ലോണെടുത്തിരുന്നു. പന്തക്കലിലെ സാമൂഹിക പ്രവർത്തകനായ അസീസ് ഹാജി തന്റെ സുഹൃത്തിനെ ബന്ധപ്പെട്ട് ലോൺ തുക ബാങ്കിൽ പൂർണമായും അടച്ച് സ്ഥലത്തിന്റെ രേഖ തിരിച്ചെടുത്തു കൊടുത്തു.
ഈ സ്ഥലത്താണ് പുതിയ വീട് പണിതത്. സ്ഥലം തിരിച്ചു ലഭിച്ചതോടെയാണ് മുൻ മാഹി എംഎൽഎ ഡോ. വി.രാമചന്ദ്രൻ ചെയർമാനായി ഭവന നിർമാണക്കമ്മിറ്റി രൂപീകരിച്ചത്. പഠിക്കാൻ മിടുക്കരാണ് ഇരുവരും. അവന്തിക ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഇപ്പോൾ തലശേരി ഗവ.ബ്രണ്ണൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. അനാമിക പന്തക്കൽ ഐകെകെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. ശനിയാഴ്ച നടന്ന ചടങ്ങിൽ മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ പുതിയ വീടിന്റെ താക്കോൽ കുട്ടികളുടെ അച്ഛനും കൈമാറി ഉദ്ഘാടനം ചെയ്തു.
ഭവന നിർമാണക്കമ്മിറ്റി ചെയർമാൻ ഡോ. വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എറണാകുളം സിറ്റി പോലീസ് ഡിസിപി കെ.എസ്. സുദർശൻ, മേഴ്സി കോപ്സ് കൂട്ടായ്മ ചെയർമാൻ കെ.ബി.സുനിൽകുമാർ, മാഹി മുൻ പോലീസ് സൂപ്രണ്ട് രാജശങ്കർ വള്ളാട്ട്, ടി.കെ. ഗംഗാധരൻ, ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.