മുരിങ്ങക്കൃഷി വ്യാപിപ്പിക്കൽ പദ്ധതിക്കു തുടക്കമായി
1466378
Monday, November 4, 2024 3:24 AM IST
ഇരിട്ടി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുരിങ്ങക്കൃഷി വ്യാപിപ്പിക്കലിന്റെ ഭാഗമായുള്ള തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 96 വാർഡുകളിലായി ഒരു ലക്ഷം മുരിങ്ങത്തൈകളാണ് നടുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം കീഴല്ലൂർ പഞ്ചായത്തിലെ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ മുരിങ്ങത്തൈ നട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും മുരിങ്ങ നഴ്സറി ആരംഭിക്കും. മുരിങ്ങയുടെ ഔഷധഗുണം, പ്രാധാന്യം, വരുമാനം മാർഗം എന്നിവയെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി. മീരാഭായ് വിശദീകരിച്ചു.
നവകേരള ഹരിത വിദ്യാലയ പ്രഖ്യാപനം വാർഡ് മെംബർ ഷബീർ എടയന്നൂർ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷമാരായ ഷീജ, ജിഷ, പിടിഎ പ്രസിഡന്റ് എൻ. അബ്ദുൾ ജലീൽ, മുഖ്യാധ്യാപിക ജി. ഗീത, ജോയിൻന്റ് ബിഡിഒ പി. ദിവാകരൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബീന, പ്രിൻസിപ്പൽ അരുൺ രാജ് പഞ്ചായത്ത് അക്രഡിറ്റ് എൻജിനിയർ പി.പി. വർഷ എന്നിവർ പ്രസംഗിച്ചു.