ശതാബ്ദി നിറവിൽ വിളക്കോട് ഗവ. യുപി സ്കൂൾ
1467197
Thursday, November 7, 2024 5:48 AM IST
ഇരിട്ടി: തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന വിളക്കോട് ഗവ. യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ നിറവിൽ. 1925 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്കൂൾ ത്രിതല പഞ്ചായത്തുകളുടെ ഇടപെടലും നാട്ടുകാരുടെയും അധ്യാപകരുടെയും നല്ല രീതിയിലുള്ള പ്രവർത്തന ഫലമായി സ്കൂൾ ഇന്ന് 400 ലേറേ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറി.
വി. ശിവദാസൻ എംപി, കായിക താരം കെ.എം. ശ്രീഷ്മ തുടങ്ങി നിരവധി പ്രതിഭകൾ ഇവിടുത്തെ പൂർവ വിദ്യാർഥികളാണ്. നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതൽ 2025 മാർച്ച് 31 വരെ വിവിധ പരിപാടികൾ നടത്തും. ആഘോഷങ്ങളുടെ മുന്നോടിയായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വിളംബര റാലി നടക്കും.
വിളംബര റാലി ഹാജി റോഡിൽ നിന്ന് ആരംഭിച്ച് വിളക്കോട് സമാപിക്കും. നിശ്ചലദൃശ്യങ്ങൾ, ദഫ്മുട്ട്, കോൽക്കളി തുടങ്ങിവയും വിളബരറാലിയിൽ ഉണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.പത്രസമ്മേളനത്തിൽ വി വി. വിനോദ്, ബി. മിനി, കെ.വി. റഷീദ്, മുഖ്യാധ്യാപകൻ എം.പി. സിറാജുദ്ദിൻ , സി. ഹുസൈൻ, എം.കെ. കുഞ്ഞാലി, ഒമ്പാൻ ഹംസ, അബ്ദുൾമജീദ്, പി.പി. മുസ്ഥഫ, സന്തോഷ് എന്നിവർ പങ്കെടുത്തു.