മാലിന്യ സംസ്കരണത്തിന്റെ പുത്തന്‍ ആശയങ്ങളുമായി കുടുംബശ്രീ ബാലസഭ കുട്ടികള്‍
1466814
Tuesday, November 5, 2024 8:36 AM IST
കണ്ണൂര്‍:മാലിന്യസംസ്കരണ മേഖലയില്‍ ന്യൂജനറേഷന് ആശയങ്ങളുമായി കുടുംബശ്രീ ബാലസഭ കുട്ടികള്‍. കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലെ ബാലസഭകളില്‍ നിന്ന് തെരഞ്ഞെടുത്ത 19 കുട്ടികളാണ് മാലിന്യസംസ്കരണവും പ്രശ്നപരിഹാരവും എന്ന വിഷയത്തിലുള്ള പ്രബന്ധങ്ങളുടെ അവതരണം നടത്തിയത്.
ശുചിത്വോത്സവം രണ്ടാം സീസണിന്റെ ഭാഗമായി മാലിന്യ സംസ്കരണ മേഖലയില്‍ പുതിയ മാതൃകകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വാര്‍ഡ് തലത്തില്‍ വിവിധ പരിപാടികള്‍ നടത്തിയിരുന്നു.
കാസർഗോഡ് ജില്ലയിലെ ബേഡഡടുക്ക പഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നങ്ങള്‍, മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ മാലിന്യ സംസ്കരണം, സാനിറ്ററി മാലിന്യ സംസ്കരണം, തുടങ്ങി വാഹനങ്ങളുടെ പുകമാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള കാര്യങ്ങള്‍ വരെ കുട്ടികള്‍ അവതരിപ്പിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എസ്സിഇആര്ടി റിസര്‍ച്ച് ഓഫീസറായ ഡോ. ടി.വി. വിനീഷ്, തിരുവനന്തപുരം ഡയറ്റിലെ ലക്ചററായ ഡോ. സതീഷ് ചന്ദ്രന്, സംസ്ഥാന മിഷന് പാനല്‍ അംഗവും റിട്ട. അധ്യാപകനുമായ എസ്. ബൈജു കുമാര്‍,ഹയര്‍സെക്കന്‍ഡറി അധ്യാപകനായ എ. ഗിരീഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ വിലയിരുത്തി.