പോയിന്റ് ഓഫ് കോൾ പദവി: വ്യോമയാന മന്ത്രിയുമായി ചർച്ച നടത്തി
1467195
Thursday, November 7, 2024 5:48 AM IST
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന് നിവേദനം നൽകി.
ഡൽഹി രാജീവ് ഗാന്ധി ഭവനിലെ ഓഫിസിൽ വച്ച് ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ച, സെക്രട്ടറി സി. അനിൽകുമാർ, ട്രഷറർ കെ.നാരായണൻ കുട്ടി എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ കുറവായതു കാരണം ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ടിവരുന്നത്, കാർഗോ ഫ്ലൈറ്റുകളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ ചേംബർ സംഘം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നത് വൈകുകയാണെങ്കിൽ ചുരുങ്ങിയപക്ഷം സാർക്ക് ആസിയാൻ രാജ്യങ്ങളുടെ വിമാനങ്ങളുടെ സർവീസ് ഒരുക്കണമെന്നും സംഘം അഭ്യർഥിച്ചു. കേരള മുഖ്യമന്ത്രി ഉൾപ്പെടെ ഇക്കാര്യങ്ങൾ നേരിട്ട് കണ്ട് പറഞ്ഞിട്ടുണ്ടെന്നും സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നതിനാൽ അതിനായുള്ള ശ്രമം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ക്ഷണം സ്വീകരിച്ചുകൊണ്ട് ജനുവരിയിൽ മന്ത്രി കണ്ണൂർ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ചേംബർ ഭാരവാഹികൾ അറിയിച്ചു.