"പ്രകൃതിയിൽ ലയിച്ച് ' വെള്ളാട് വില്ലേജ് ഓഫീസ്
1466846
Wednesday, November 6, 2024 1:12 AM IST
കരുവഞ്ചാൽ: പരിസ്ഥിതിയോട് ചേർന്ന് ജില്ലയിൽ ഒരു വില്ലേജ് ഓഫീസ് എന്നു കേൾക്കുന്പോൾ ഇവിടുത്തെ ജീവനക്കാർ എന്തു ഭാഗ്യവാൻമാരെന്ന് ആരും കരുതിപ്പോകും. എന്നാൽ കേൾക്കുന്നതു പോലല്ലെ ഇവിടുത്തെ കാര്യങ്ങൾ. ഏതു സമയവും തകർന്നു വീഴാവുന്ന കെട്ടിടത്തിൽ പാന്പുകളെയും ക്ഷുദ്രജീവികളെയും ഭയന്ന് ജോലി ചെയ്യേണ്ട ഹതഭാഗ്യരാണ് ഇവിടുത്തെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും.
മലയോരത്തെ പ്രധാന ടൗണായ കരുവഞ്ചാൽ ടൗണിൽ പ്രവർത്തിക്കുന്ന വെള്ളാട് വില്ലേജ് ഓഫീസിലെ ജീവനക്കാരാണ് ഭയപ്പാടോടെ ജോലി ചെയ്യുന്നത്. ഓഫീസിനു ചുറ്റം കാടു കയറിയ നിലയിലാണ്. കാലപ്പഴക്കം നേരിടുന്ന കെട്ടിടത്തിന്റെ മുകഭാഗത്തേക്ക് വരെ കാടുകൾ പടർന്നു കയറിയിട്ടുണ്ട്. ഓഫീസിനോട് ചേർന്നുള്ള കിണറും കാട് മൂടിയനിലയിലാണ്. ചോർന്നൊലിക്കുന്ന കെട്ടിടത്തിന് മുകളിൽ ആസ്പറ്റാപ്സ് കൊണ്ട് റൂഫിംഗ് ചെയ്തിട്ടുണ്ടെങ്കിലും ഇതും പൊട്ടി തകർന്നതിനെ തുടർന്ന് കുറെ ഭാഗം പ്ലാസ്റ്റിക് ഷീറ്റിട്ടാണ് ചോർച്ചയക്ക് താത്കാലിക പരിഹാരം കണ്ടത്.
ഓഫീസിനകത്തെ സ്ഥലപരിമിതിയും ജീവനക്കാരെ വലയക്കുന്നു. വെള്ളാടും വില്ലേജ് ഓഫീസ് പണിയുന്നതിന് 44 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ടെങ്കിലും നിലവിലെ കെട്ടിടം പൊളിച്ചാൽ മാത്രമേ പുതിയ കെട്ടിടം പണിയാനാകൂ. പുതിയ കെട്ടിടം നിർമിക്കാൻ നിലവിലെ ഓഫീസ് അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും പറ്റാവുന്ന തരത്തിലുള്ള കെട്ടിടം ലഭ്യമായിട്ടില്ല. വെള്ളാട് വില്ലേജ് ഓഫീസിന്റെ പരിധിയിൽ 8094 ഹെക്ടർ സ്ഥലമാണുള്ളത്. അതുപോലെ പാലക്കയം തട്ട്, പൈതൽമല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ വിഓഫീസ് പരിധിയിലാണ്.