മലയോരത്ത് കമുകുകൾക്ക് മഞ്ഞളിപ്പ് രോഗം പടരുന്നു
1466845
Wednesday, November 6, 2024 1:12 AM IST
ചന്ദനക്കാംപാറ: മലയോരത്തെ കമുകിൻ തോപ്പുകളിൽ മഞ്ഞളിപ്പ് രോഗം പടരുന്നു. കാലാവസ്ഥ വ്യതിയാനവും മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നതും കമുകുകളുടെ പ്രതിരോധശേഷി കുറയുന്നതുമെല്ലാമാണ് മഞ്ഞളിപ്പ് ഉൾപ്പെടെയുള്ള രോഗങ്ങൾ പടരാൻ കാരണമെന്ന് കർഷകർ പറയുന്നു. പയ്യാവൂർ, ഏരുവേശി, പടിയൂർ ഇരിക്കൂർ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ മഞ്ഞളിപ്പ് രോഗം പടരുകയാണ്.
കുമ്മായം, മഗ്നീഷ്യം തുടങ്ങിയവ കൃഷിയിടത്തിൽ പ്രയോഗിച്ചാണ് കർഷകർ ഒരു പരിധിവരെ രോഗ പ്രതിരോധം നടത്തുന്നത്. രോഗബാധയെ തുടർന്ന് തോട്ടങ്ങളിലെ ഉത്പാദനം ഗണ്യയമായി കുറഞ്ഞിട്ടുണ്ട്.
കമുകിനു പുറമെ പലയിടത്തും തെങ്ങുകൾക്കും പലവിധ രോഗബാധയുണ്ട്. കൂമ്പുചീയൽ, ഇലകരിയൽ, ഫംഗസ് രോഗങ്ങൾ എന്നിവയും പടരുന്നുണ്ട്. തെങ്ങിന്റെയും കമുകിന്റെയും ഒന്നോ രണ്ടോ ഓലകൾ ഉണങ്ങുന്നതോടെയാണ് ഇലകരിച്ചൽ രോഗം വ്യാപിക്കുന്നത്. ഇതു പൂർണമായി ബാധിക്കുന്നതോടെ മരങ്ങൾ ഉണങ്ങും. മഞ്ഞളിപ്പു രോഗവും ഇത്തരത്തിൽത്തന്നെയാണ്.
ഒരു വൃക്ഷത്തിനു മഞ്ഞളിപ്പു ബാധിച്ചാൽ അതു പിന്നീട് തോട്ടം മുഴുവനും വ്യാപിക്കുകയാണ്. പ്രതിരോധ പ്രവർത്തനമെന്ന നിലയിൽ രോഗം ബാധിച്ച കമുകുകൾ മുറിച്ചു മാറ്റുകയാണ്
മരുന്നടിച്ചിട്ടും ഫലമില്ല
മഞ്ഞളിപ്പ്, കൂന്പ് ചീയൽ എന്നിവ ബാധിച്ച വൃക്ഷങ്ങൾക്ക് കൃഷി വകുപ്പ് നിർദേശിച്ച മരുന്നുകളും ഹോമിയോ മരുന്നുകൾ തളിച്ചിട്ടും ഫലം കാണുന്നില്ല.
രോഗം പടരുന്നത് കാർഷിക മേഖലയെ തകർക്കുകയാണ്. ഇതു സംബന്ധിച്ച് കൃഷിവകുപ്പും സർക്കാരും അടിയന്തര ഇടപെടലുകൾ നടത്തണം.