റബർ ഇറക്കുമതി അവസാനിപ്പിക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്
1466286
Sunday, November 3, 2024 7:50 AM IST
കണ്ണൂർ: റബർ ഇറക്കുമതിച്ചുങ്കം കുറച്ചും സ്വാഭാവിക റബറും കൃത്രിമ റബറും അനിയന്ത്രിതമായി ഇറക്കുമതി ചെയ്തും റബർ കർഷകരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രിയോടും വാണിജ്യമന്ത്രിയോടും ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കേരളത്തിലെ 14 ജില്ലാ കളക്ടർമാർ വഴി ഇരുവർക്കും രാഷ്ട്രീയ കിസാൻ മഹാസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ കളക്ടർക്ക് നൽകാനായി എഡിഎം സി. പത്മചന്ദ്രകുറുപ്പിന് നിവേദനം കൈമാറി ചെയർമാൻ അഡ്വ. ബിനോയ് തോമസ് നിർവഹിച്ചു.
കൃത്രിമ റബർ ഉൾപ്പെടെ എല്ലാ റബർ ഇറക്കുമതിയും പൂർണമായും നിർത്തുക, നാടിന്റെ പരിസ്ഥിതി സംരക്ഷിക്കുന്ന റബർ കൃഷി വർധിപ്പിച്ച് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക, റബറിന് കിലോയ്ക്ക് 300 രൂപ തറവില നിശ്ചയിച്ച് സംഭരിക്കുക, റബർ ബോർഡിന് ആവശ്യമായ അംഗീകാരം നൽകുകയും ബോർഡിൽ കർഷക പ്രതിനിധികൾക്ക ഭൂരിപക്ഷം നൽകുകയും ചെയ്യുക, റബർ കമ്പനികളെയും കോർപറേറ്റുകളെയും സഹായിക്കുന്നതിൽനിന്ന് പിൻമാറി റബർ കർഷകരെ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
റബർ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലങ്കിൽ അതി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും രാഷ്ട്രീയകിസാൻ മഹാസംഘ് മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലാ ചെയർമാൻ സണ്ണി തുണ്ടത്തിൽ, സംസ്ഥാന, ജില്ലാ ഭാരവാഹികളായ അഗസ്റ്റിൻ വെള്ളാരംകുന്നേൽ, കെ.വി.ലീലാമ്മ , ഗർവാസീസ് കല്ലുവയൽ, അമൽ കുര്യൻ, ടോമി തോമസ്, വർഗീസ് വൈദ്യർ, ജോസഫ് വടക്കേക്കര എന്നിവരടങ്ങിയ സംഘമാണ് നിവേദനം സമർപ്പിച്ചത്.