എടൂരിൽ കാട്ടുപന്നിക്കൂട്ടം, മുടിക്കയത്ത് കാട്ടാന , വ്യാപക കൃഷി നാശം
1466804
Tuesday, November 5, 2024 8:36 AM IST
ഇരിട്ടി: എടൂരിൽ കാട്ടുപന്നിക്കൂട്ടവും മുടിക്കയത്ത് കാട്ടാനയുമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ആറളം പഞ്ചായത്തിലെ എടൂരിൽ കുടിലിൽ ജോസിന്റെ ചേന, ചേമ്പ് കപ്പ കാച്ചിൽ തുടങ്ങിയ വിളകളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. അമ്പതോളം ചുവട് ചേമ്പ്, നൂറോളം ചുവട് കപ്പ, കാച്ചിൽ തുടങ്ങുകയാണ് നശിപ്പിച്ചത്.
കാട്ടുപന്നികളുടെ ആക്രമണം തടയാൻ കടലിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന പഴയ വല കൊണ്ട് കെട്ടിയ വേലി തകർത്താണ് പന്നിക്കൂട്ടം കൃഷിയിടത്തിലെത്തിയത്. സമീപത്തെ പറമ്പുകളിലും പന്നിക്കൂട്ടം വ്യാപക നാശം വിതച്ചു. പന്നിയെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്പ്രദേശത്തെ കർഷകർ.
മുടിക്കയം പാറയ്ക്കാമല മേഖലയിൽ ഇറങ്ങിയ കാട്ടാന ഇല്ലിക്കക്കുന്നേൽ ജോഷി, ഇല്ലിക്കക്കുന്നേൽ സിനു, വട്ടക്കുന്നേൽ പാപ്പച്ചൻ, എടശേരി ആന്റണി, എടശേരി ജോസഫ്, പ്ലാത്തോട്ടം ഫ്രാൻസിസ് എന്നിവരടുയെ കൃഷിയടങ്ങളിലാണ് നാശം വിതച്ചത്.വാഴ, തെങ്ങ്, കമുക്, കുരുമുളക്, കശുമാവ്, കൊക്കോ തുടങ്ങിയ വിളകളാണ് നശപ്പിച്ചത്.
വന്യമൃഗശല്യം തടയാൻ സോളാർ വേലി സ്ഥാപിക്കണമെന്ന പ്രക്ഷോഭങ്ങൾക്കും മുറവിളിക്കും ശേഷം ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം ആരംഭിക്കാനിരിക്കെയാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലെത്തിയത്. ഒരുമാസം മുൻപ് ആനയുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സോളാർ വേലിയുടെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് വനംവകുപ്പ് റേഞ്ചർ അടക്കമുള്ള ഉദ്യോഗസ്ഥരെ അയ്യൻകുന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ചേർന്ന് തടഞ്ഞുവച്ചിരുന്നു. ഡിഎഫ്ഒ നേരിട്ടെത്തി നടത്തിയ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി ആണ് 53 ലക്ഷം രൂപ ചെലവിൽ രണ്ട് റീച്ചുകളിലായി യി വേലിയുടെ നിർമാണം ആരംഭിക്കുന്നത് .
കച്ചേരിക്കടവ് പാലം മുതൽ പാലത്തും കടവ് വരെയുള്ള ബാരാപോൾ പുഴയ്ക്ക് സമാന്തരമായി ഏഴു കിലോമീറ്റർ ദൂരത്തിലാണ് തൂക്കുവേലിയുടെ നിർമിക്കുന്നത്. രണ്ട് റീച്ചും പൂർത്തിയാകുന്നതോടെ കർണാടക വനത്തിൽ നിന്നുള്ള ആനകളുൾപ്പെടെയുള്ള വന്യമൃഗശല്യം തടയാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.