സ്കൂൾ കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കുന്നു; ഒക്ടോബർ വരെ രജിസ്റ്റർ ചെയ്തത് 154 കേസുകൾ
1466858
Wednesday, November 6, 2024 1:12 AM IST
അനുമോൾ ജോയ്
കണ്ണൂർ: സംസ്ഥാനത്ത് സ്കൂൾ കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കുന്നതായി കണക്കുകൾ. 154 കേസുകളാണ് ഒക്ടോബർ അവസാനം വരെ രജിസ്റ്റർ ചെയ്തത്. കഞ്ചാവ്,എംഡിഎംഎ, എൽഎസ്ഡി, മെത്തഫിറ്റമിൻ, നൈട്രോസെഫാം, നൈട്രോസസെഫാം ടാബ്ലറ്റ്, ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കളാണ് സ്കൂൾകുട്ടികൾ അധികമായി ഉപയോഗിച്ച് വരുന്നതെന്നാണ് എക്സൈസ് കണ്ടെത്തൽ. മുൻവർഷങ്ങളിൽ 50 ൽ താഴെ കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്.
കൂട്ടംകൂടിയിരുന്ന ലഹരി ഉപയോഗിക്കുന്നതും സ്കൂൾ വിനോദയാത്രകൾ ആഘോഷമാക്കാൻ ലഹരി ഉപയോഗിക്കുന്നവരുമാണ് കൂടുതൽ കുട്ടികളും. സ്കൂളുകൾക്ക് സമീപത്തെ പെട്ടിക്കടകളിലാണ് കൂടുതലായും ഇത്തരത്തിലുള്ള ലഹരി വസ്തുക്കൾ വിൽക്കുന്നത്.
കൗൺസിലിംഗിലൂടെയാണ് പലപ്പോഴും വിദ്യാർഥികളുടെ ലഹരി ഉപയോഗത്തെ ക്കുറിച്ച് അറിയുന്നത്. 12 വയസുമുതലുള്ള കുട്ടികൾ ലഹരിക്ക് അടിമകളായി മാറിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പലരും ലഹരി ലഭിക്കാതെ വരുമ്പോൾ അക്രമാസക്തരാകാറുണ്ട്. സോഷ്യൽ മീഡിയയുടെ സ്വാധീനവും കുടുംബ ബന്ധങ്ങളിലെ വിള്ളലും സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ള ലഹരി മാഫിയയുടെ ഇടപെടലും ചീത്തകൂട്ടുക്കെട്ടുകളും മറ്റുമാണ് കൂടുതലായും കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നത്. ലഹരി ഉപയോഗിക്കാത്ത കുട്ടികളെ കൂട്ടുകാർ തരം താഴ്ത്തി സംസാരിക്കുന്പോൾ അവർ അപമാനത്താൽ ലഹരി ഉപയോഗം തുടങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂട്ടുകാർക്കാർക്കിടയിൽ പിടിച്ചുനിൽക്കാൻ ലഹരി ഉപയോഗിച്ചു തുടങ്ങുന്ന ഇവർ പിന്നീട് ഇതിനടിമകളായും മാറുന്നുണ്ട്.
ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണം കണ്ടെത്താൻ ക്വട്ടേഷൻ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്ന വിദ്യാർഥികളുമുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ഇതിന്റെ വില്പനക്കാരായി ഇതിൽനിന്നുള്ള പണം കൊണ്ട് ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്ന വിദ്യാർഥികളുമുണ്ടെന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പരിശോധന
ഫലം കാണുന്നില്ല
സ്കൂൾ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്പേ എക്സൈസ് വകുപ്പ് സ്കൂൾ പരിസരത്തെ കടകളിലും മറ്റും പരിശോധന നടത്തി ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. എങ്കിലും പല സ്കൂൾ പരിസരങ്ങളിലും ഇപ്പോഴും നിരോധിത പുകയില ഉത്പന്നങ്ങളടക്കം സുലഭമാണെന്നും ആക്ഷേപമുണ്ട്.
സ്കൂൾ പരിസരങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ എക്സൈസ് പരിശോധന വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരോടോ കൗൺസിലർമാരോടോ നേരിട്ട് പറയാൻ പേടിയുള്ളവർക്കായി പരാതി പെട്ടികൾ സ്കൂളുകളിൽ എക്സൈസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ പല സ്കൂളുകളിലും ഇത് കാണാനില്ല.
സ്കൂൾ പരിസരങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥരോ പോലീസോ നിരീക്ഷണം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇത് കൃത്യമായി നടക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ലഹരിയെക്കുറിച്ച് ബോധവത്കരണം ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും കുട്ടികളിൽ ഇതൊക്കെ കളിതമാശകളാണ്. ആരും ഇത് കാര്യമായി എടുക്കാറില്ല. സ്കൂളുകളിൽ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിന് തടയിടാനായി പല പരിപാടികളും നടത്തുന്നുണ്ടെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല.