കണ്ണൂർ ഗവ. മെഡി. കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ചുമതലയേറ്റു
1466811
Tuesday, November 5, 2024 8:36 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പ്രിൻസിപ്പലായി ഡോ. സൈറു ഫിലിപ്പ് ചുമതലയേറ്റു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ്, ഡോ. ഷീബ ദാമോദർ എന്നിവർ ചേർന്ന് ഡോ. സൈറു ഫിലിപ്പിനെ സ്വീകരിച്ചു. കോട്ടയം ഗവ. മെഡിക്കൽ കോളജിലെ പ്രഫസറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായിരുന്നു. പ്രമോഷനായാണ് പരിയാരത്ത് പ്രിൻസിപ്പലായി നിയമിതയായത്. സ്ഥാപനം സർക്കാർ ഏറ്റെടുത്തശേഷമുള്ള ആറാമത്തെ പ്രിൻസിപ്പലും രണ്ടാമത്തെ വനിതാ പ്രിൻസിപ്പലുമാണ് ഡോ. സൈറുഫിലിപ്പ്.
കോട്ടയം ഗവ. മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസും കമ്യൂണിറ്റി മെഡിസിനിൽ പിജി ബിരുദവും നേടിയ സൈറു ഫിലിപ്പ് തിരുവനന്തപുരത്ത് നിന്നാണ് എംഫിൽ കഴിഞ്ഞത്. 1997 ലാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. കോഴിക്കോട്, ആലപ്പുഴ, മഞ്ചേരി, കോട്ടയം മെഡിക്കൽ കോളജുകളിൽ സേവനമനുഷ്ഠിച്ചു. ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ വൈസ് പ്രിൻസിപ്പലായും പ്രവർത്തിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയാണ്.