ദേശീയപാതാ വികസനം: സർവീസ് റോഡുകളിൽ ദുരിതയാത്ര
1466859
Wednesday, November 6, 2024 1:12 AM IST
ശ്രീകാന്ത് പാണപ്പുഴ
തളിപ്പറമ്പ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഗതാഗതം നടത്തുന്ന സർവീസ് റോഡുകളിൽ പലസ്ഥലത്തും അപകടങ്ങൾ പതിവായി. വിളയാങ്കോട് അലക്യംതോടിന് കൈവരി ഇല്ലാത്തതിനാൽ ഇതുവഴി നരകയാത്രയാണ്. പല തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമില്ല.
പരിയാരത്ത് ഇപ്പോൾ സർവീസ് റോഡ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കവാടത്തിന് മുന്നിൽ കൂടിയാണ്. ലോഡ് കയറ്റിയുള്ള വാഹനങ്ങൾ കയറ്റം കയറാനാകാതെ ഗതാഗത തടസമുണ്ടാക്കുന്നത് സ്ഥിരം കാഴ്ചയാണ്. മെഡിക്കൽ കോളജിലേക്ക് രോഗികളുമായെത്തുന്ന ആംബുലൻസുകൾ പോലും വീതിയില്ലാത്ത അശാസ്ത്രീയമായ റോഡിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് ഉഴലുന്നു.
പരിയാരം പോലീസ് സ്റ്റേഷന് മുന്നിലാണ് മറ്റൊരു ഗതാഗത തടസം. തളിപ്പറമ്പ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും പയ്യന്നൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും ഒരുപോലെ എത്തിച്ചേരുന്ന ഇവിടെ വൻ ഗതാഗതതടസവും അപകടഭീഷണിയുമാണ് . കഴിഞ്ഞദിവസം ഇവിടെ ഒരു ഇരുചക്രവാഹന യാത്രക്കാരനെ സ്വകാര്യ ബസിടിച്ചു തെറിപ്പിച്ച സംഭവമുണ്ടായിരുന്നു. കോരൻപീടികയിൽ അപകടഭീഷണി ഉയർത്തുന്നത് ദേശീയപാതാ നിർമാണത്തിന് സർവീസ് റോഡിലേക്ക് കയറ്റി സ്ഥാപിച്ച ഇരുമ്പു തൂണുകളാണ്. പൊതുവെ വീതികുറഞ്ഞ റോഡിൽ യാതൊരു മുന്നറിയിപ്പ് ബോർഡും വയ്ക്കാതെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
തെരുവുവിളക്ക് ഇല്ലാത്തതിനാൽ രാത്രി ഇവിടെ വൻ അപകടഭീഷണിയാണ്. മാസങ്ങൾക്ക് മുന്പ് പിലാത്തറ വിളയാങ്കോട് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരണമടഞ്ഞിരുന്നു. എന്നിട്ടും മുന്നറിയിപ്പ് ബോർഡും ഡിവൈഡറുകളും സ്ഥാപിക്കാതെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് പലയിടത്തും. പരിയാരം ചുടലയിൽ റോഡുകൾ തകർന്ന് ചെളിനിറഞ്ഞ നിലയിലാണ്. ഇതുവഴി ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
തളിപ്പറമ്പ് കുപ്പത്ത് ക്രാഷ് ഗാർഡോ, സൈഡ് ഡിവൈഡറോ സ്ഥാപിക്കാത്തതിനാൽ വാഹനങ്ങൾ റോഡിൽനിന്ന് പുറത്തേക്ക് വീഴുന്ന സ്ഥിതിയാണ്. ഇന്നലെ ഇത്തരത്തിൽ ഒരു ഇരുചക്രവാഹനം റോഡരികിലെ കുഴിയിലേക്ക് വീണിരുന്നു. തളിപ്പറമ്പ് നഗരത്തിൽ ചിറവക്ക് മുതൽ റോഡുകൾ അങ്ങിങ്ങായി പൊട്ടിയിരിക്കുകയാണ്. ചിലയിടങ്ങളിൽ പാച്ച്വർക്ക് നടത്തിയത് ഉയർന്നുനിൽക്കുന്നതും വാഹനങ്ങൾക്ക് കൂടുതൽ ദുരിതമാണ്.
ബക്കളം എംവിആർ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയുള്ള സർവീസ് റോഡിൽ ഇടയ്ക്കിടയ്ക്ക് വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. മാങ്ങാട്ടുപറമ്പ് ബസ് സ്റ്റോപ്പ് മുതൽ ബക്കളം വരെ സർവീസ് റോഡ് മുഴുവനായും തകർന്ന നിലയിലാണ്.
ഇടതടവില്ലാതെ ചെറുതും വലുതുമായി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ യാത്ര ദുരിതപൂർണമായിട്ട് മാസങ്ങളായെങ്കിലും അധികൃതർക്ക് മൗനമാണ്.