ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1467199
Thursday, November 7, 2024 5:48 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് വ്യക്തിപരമായ താത്പര്യമെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ജില്ലാ ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ രോഗിയുടെ തുന്നലെടുത്തെന്ന പരാതിയിലാണ് ഉത്തരവ്.ജില്ലാ ആശുപത്രി സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ജില്ലാ ആശുപത്രിയിലെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
സൂപ്പർ സെപ്ഷാലിറ്റി ബ്ലോക്കിലെ 1500 കെഡബ്ലൂ ജനറേറ്ററുമായി ആശുപത്രിയിലെ ബാക്കി വരുന്ന ബ്ലോക്കുകൾ ബന്ധപ്പെടുത്തുന്നതോടുകൂടി വൈദ്യുതി തടസം ഇല്ലാതാക്കാൻ കഴിയും. കരാർ കമ്പനിയോട് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 2.5 കോടി ചെലവിൽ പൈപ്പ് ലൈൻ സ്ഥാപിക്കാമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. നിലവിൽ വെള്ളത്തിന്റെ കുറവുണ്ടാകുമ്പോൾ പുറത്തു നിന്നും വെള്ളമെത്തിച്ച് ടാങ്കിൽ നിറക്കും. ആശുപത്രിയിൽ 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരനായ അഡ്വ.വി.ദേവദാസ് ആവശ്യപ്പെട്ടു.