കൃഷിയിടത്തിൽ ഷോക്കേറ്റു മരിച്ച സണ്ണിക്ക് നാട് വിടയേകി
1467190
Thursday, November 7, 2024 5:48 AM IST
ചെറുപുഴ: കൃഷിയിടത്തെ കാട്ടുപന്നികളിൽനിന്ന് രക്ഷിക്കാൻ പ്രതിരോധമൊരുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷോക്കേറ്റു മരിച്ച തിരുമേനിയിലെ കർഷകൻ ചുനയമ്മാക്കൽ സണ്ണിയുടെ (67) സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ നടന്നു. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സമൂഹത്തിന്റെ നാനാതുകളിലുള്ള നൂറുകണക്കിനാളുകളാണ് എത്തിയത്.
കർഷകർ ഒന്നിച്ചു നിൽക്കണമെന്നും കർഷക കൂട്ടായ്മയിലൂടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നും ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് അനുശോചന പ്രസംഗത്തിൽ പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, സെക്രട്ടറി ജയിംസ് ഇമ്മാനുവൽ, ചെറുപുഴ ഫൊറോന പ്രസിഡന്റ് ഇൻ ചാർജ് കെ.സി. ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ജോയിച്ചൻ പറമ്പിൽ, അസി പൂക്കളം, സജി തോപ്പിൽ, ജോയി ആടിമാക്കൽ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. സണ്ണിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.