തിരുമേനിയിൽ കാട്ടുപന്നി കപ്പത്തോട്ടം നശിപ്പിച്ചു
1467189
Thursday, November 7, 2024 5:48 AM IST
ചെറുപുഴ: അഞ്ചു ദിവസത്തിനിടെ രണ്ടു തവണയായെത്തിയ കാട്ടുപന്നിക്കൂട്ടം കപ്പത്തോട്ടം നശിപ്പിച്ചു. തിരുമേനിയിലെ ഓരത്താനി ജോസിന്റ കൃഷിയിടത്തിലെ കപ്പയും ചേമ്പും, കമുകിൻ തൈകളുമാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. പാട്ടത്തിനെടുത്ത സ്ഥലത്ത് 150 ചുവട് കപ്പയാണ് നട്ടത്. ഇതിൽ 80 ഓളം മൂട് കപ്പ കാട്ടുപന്നികൾ മൂന്ന് ദിവസം മുമ്പ് നശിപ്പിച്ചു. ഇതിനൊപ്പം നട്ട ചേമ്പും തിന്നു തീർത്തു. കഴിഞ്ഞ രാത്രി ബാക്കിയും തിന്നതോടെ കപ്പത്തോട്ടം ഇല്ലാതായി.
കാട്ടുപന്നികൾ നശിപ്പിച്ച കൃഷിയിടം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
നേതാക്കളായ ടി.പി. ചന്ദ്രൻ, മാത്യു തടത്തിൽ, ടി.വി. ജനാർദനൻ, എം.ടി.പി. മുഹമ്മദ് കുഞ്ഞി, അഡ്വ: ജിജോ കൊച്ചുപറമ്പിൽ, പഞ്ചായത്തംഗം കെ.ഡി. പ്രവീൺ, ജോർജ് ഫ്രാൻസിസ് പ്രിൻസ് വെള്ളക്കട , പി.പി. ബാലകൃഷ്ണൻ, സിജോ ആടിമാക്കൽ, സജി കയ്യാലപ്പറമ്പിൽ, അജി പാലത്തിങ്കൽ, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ഒരാഴ്ച മുൻപ് കോക്കടവിലെ പുത്തോത്ത് ജയിസന്റെ വീട്ടുമുറ്റത്തെ ചേമ്പുകൾ മുഴുവൻ കാട്ടുപന്നികൾ തിന്നുതീർത്തിരുന്നു. മൂന്നു വർഷം പ്രായമായ കമുകിൻ തൈകൾ കാട്ടുപന്നികളിൽ നിന്നും രക്ഷിക്കുവാൻ കർഷകർ പാടുപെടുകയാണ്.
കാട്ടുപന്നി ശല്യം മലയോരത്ത് രൂക്ഷമായിരിക്കുകയാണെങ്കിലും ഇതിനെതിരേ നടപടി സ്വീകരിക്കുവാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് കർഷകർ പറയുന്നത്.