വിഷരഹിത പച്ചക്കറിക്കായി സുരക്ഷ-24 ജനകീയ പദ്ധതിയുമായി എകെസിസി
1467194
Thursday, November 7, 2024 5:48 AM IST
പയ്യാവൂർ: സ്വന്തം കൃഷിയിടങ്ങളിൽ ജൈവരീതിയിൽ പച്ചക്കറികൾ ഉത്പാദിപ്പിച്ച് ഭക്ഷ്യസുരക്ഷയും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചെന്പേരി മേഖലാ എകെസിസിയുടെ നേതൃത്വത്തിൽ സുരക്ഷ-24 എന്ന ജനകീയ പദ്ധതിആരംഭിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലെ അമിത കീടനാശിനി പ്രയോഗം ഗുരുതരമായ രോഗങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എകെസിസി ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്.
പദ്ധതിയുടെ ഭാഗമായി മേഖലയിലെ എല്ലാ യൂണിറ്റുകളിലും ഗുണമേന്മയുള്ള ഹൈബ്രിഡ് തൈകളും വിത്തുകളും വിതരണം ചെയ്യാൻ ചെമ്പേരിയിൽ ചേർന്ന മേഖലാ പ്രതിനിധി സമ്മേളനം തീരുമാനിച്ചു. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന മേഖല സമ്മേളനം മേഖലാ ഡയറക്ടർ ഫാ.പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബിജു മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. സിജോ കണ്ണേഴത്ത്, ഷാജു വടക്കേൽ, ജോമി മുതുകുന്നേൽ, തങ്കച്ചൻ വെണ്ണായപ്പള്ളിൽ, ജോസഫ് പാനൂച്ചിറ എന്നിവർ പ്രസംഗിച്ചു.സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള അവകാശ സംരക്ഷണത്തിനായി സമരം നടത്തുന്ന മുനന്പം ജനതയക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വഖഫ് ബോർഡിന്റെ തെറ്റായ സമീപനത്തിനെതിരെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും യോഗം അഭിപ്രായപ്പെട്ടു.