ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി: മാർട്ടിൻ ജോർജ് സത്യഗ്രഹം തുടങ്ങി
1461631
Wednesday, October 16, 2024 7:49 AM IST
കണ്ണൂർ: എഡിഎം നവീൻബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുക, പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ സത്യഗ്രഹ സമരം ആരംഭിച്ചു. സത്യഗ്രഹസമരം കെപിസിസി അംഗം ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.
പാർട്ടി ഭരണത്തിലുള്ള സിപിഎമ്മിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ധാർഷ്ട്യത്തിന്റെ ഇരയാണ് എഡിഎം നവീൻബാബുവെന്ന് ടി.ഒ. മോഹനൻ പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ തിരുത്തണം. ഉന്നത ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിട്ട പി.പി. ദിവ്യയ്ക്ക് ജില്ലാപഞ്ചായത്തു സ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും രാജിവയ്ക്കുന്നതുവരെ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും ടി.ഒ. മോഹൻ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ് അധ്യക്ഷത വഹിച്ചു.
സജീവ് മാറോളി, എൻ.പി. ശ്രീധരൻ, കെ.സി. മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, തോമസ് വക്കത്താനം, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന, അമൃത രാമകൃഷ്ണൻ ,സി.എ. അജീർ, ലിസി ജോസഫ്, വി.പി. അബ്ദുൽ റഷീദ്, ശ്രീജ മഠത്തിൽ, ടി. ജയകൃഷ്ണൻ, പി. മാധവൻ, സുരേഷ് ബാബു എളയാവൂർ എന്നിവർ പ്രസംഗിച്ചു.