അമീബിക് മസ്തിഷ്കജ്വരം: കിണറുകളുടെ ക്ലോറിനേഷൻ പത്തിനകം പൂർത്തിയാക്കണം
1591981
Tuesday, September 16, 2025 1:54 AM IST
കണ്ണൂർ: അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെ ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന്, ക്ലോറിനേഷൻ നടത്താത്ത ജില്ലയിലെ എല്ലാ സ്വകാര്യ, പൊതുകിണറുകളും ഒക്ടോബർ പത്തിനകം ക്ലോറിനേറ്റ് ചെയ്യാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം.
പൊതുജനങ്ങൾ ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങളും വാട്ടർതീം പാർക്കുകളും ക്ലോറിൻ അണുനാശിനികൾ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്തും. ഇവയിലെ ജലത്തിന്റെ ഗുണനിലവാര പരിശോധന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം. ഒക്ടോബർ രണ്ട് മുതൽ ജില്ലയിൽ ജല ശുചിത്വ വാരമായി ആചരിക്കും.
വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളിലെ വാട്ടർ ടാങ്കുകൾ ശുചീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് കളക്ടർ നിർദേശം നല്കി.കിണറുകൾ ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്യുന്നതിന് കുടുംബശ്രീ അയൽക്കൂട്ടം ആരോഗ്യ വോളന്റിയർ മാർ, എഡിഎസ്-സിഡിഎസ് ആരോഗ്യ വോളന്റിയർമാരുടെ ചുമതല ഉള്ളവർ എന്നിവരെ നിയോഗി ക്കും. ഇവർക്ക് ആരോഗ്യവകുപ്പ് പരിശീലനം നല്കും. തുടർപ്രവർത്തനമായി മൂന്നുമാസം കൂടുമ്പോൾ കിണറുകളും ജലാശയങ്ങളും ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്യണം. കണ്ണൂർ കോർപറേഷൻ, തളിപ്പറമ്പ് നഗരസഭ, ക്ലോറിനേഷൻ പ്രവർത്തനത്തിൽ പിന്നിൽ നില്ക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് സൂപ്പർ വൈസർ എന്നിവരുടെയും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സ ൺമാരുടെയും പ്രത്യേക യോഗം 19ന് രാവിലെ 10.30 ന് ഡിപിസി ഹാളിൽ ചേരും.
വിദ്യാലയങ്ങളിലും കോളജുകളിലും മസ്തിഷ്ക ജ്വരത്തെ കുറിച്ച് ബോധവത്കരണ പരിപാടി ഒക്ടോബർ രണ്ടിന് സംഘടിപ്പിക്കണം. 'സ്വച്ഛ് ഉത്സവിന്റെ' ഭാഗമായി ഒക്ടോബർ രണ്ടിന് ജില്ലയിലെ എല്ലാ ജലാശയങ്ങളും ശുചീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഡിപിസി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി.സച്ചിൻ, ഹരിതകേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.