പ്രേരണയായത് കണ്ണൂരിൽനിന്നുള്ള നിവേദനം
1591989
Tuesday, September 16, 2025 1:54 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: വായ്പാ തിരിച്ചടവു മുടങ്ങിയതിനാലും മറ്റു കാരണങ്ങളാലും ധനകാര്യസ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും താമസിക്കാൻ മറ്റു വീടില്ലാത്തവരെ ജപ്തി ചെയ്തു കുടിയിറക്കുന്നത് ഒഴിവാക്കാൻ സർക്കാർ നിയമം കൊണ്ടുവരുന്നു. ഏക കിടപ്പാടം സംരക്ഷണം എന്ന പേരിലുള്ള നിയമനിർമാണത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
ബിൽ ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കി നിയമമാക്കാനാണു തീരുമാനം. വായ്പാ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്നു കിടപ്പാടം ജപ്തി ചെയ്യപ്പെട്ടു തെരുവിലിറങ്ങേണ്ടി വരുന്നവരുടെ അവസ്ഥയെക്കുറിച്ച് കണ്ണൂരിൽനിന്നു ലഭിച്ച നിവേദനമാണ് സർക്കാരിനെ പുതിയ നിയമനിർമാണത്തിലേക്കു നയിച്ചത്.
കണ്ണൂർ മുനിസിപ്പൽ കൗൺസിലറായിരുന്ന പൊതുപ്രവർത്തകൻ, സഹകരണ സംഘം റിട്ട. ട്രൈബ്യൂണൽ ഡയറക്ടർ ഉൾപ്പെടെയുള്ള അഞ്ചു പേരാണ് ഇതു സംബന്ധിച്ച് നിവേദനവും നടപ്പാക്കേണ്ട രീതികളെക്കുറിച്ചുള്ള നിർദേശങ്ങളും സമർപ്പിച്ചത്. ഒരു വർഷം മുന്പായിരുന്നു ഇത്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ പലപ്പോഴായി ചർച്ച ചെയ്താണ് നിയമനിർമാണം തീരുമാനിച്ചത്.
വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയുള്ള ആകെ വായ്പാതുക അഞ്ചു ലക്ഷവും പിഴയും പിഴപ്പലിശയും സഹിതം 10 ലക്ഷത്തിൽ കവിയാത്തവർക്കുമാണു നിയമ പരിരക്ഷ ലഭിക്കുക.
പൊതുമേഖലാ ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള കെഎസ്എഫ്ഇ, കെഎഫ്സി പോലുള്ള സ്ഥാപനങ്ങളിൽനിന്നും വായ്പ എടുത്തവരാണ് ഏക കിടപ്പാടം സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരിക. ഇതിനായി സർക്കാർ പ്രത്യേക ഫണ്ട് സംവിധാനവും ഒരുക്കും.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് എന്നിവയിൽനിന്ന് വായ്പ എടുത്തവർ നിയമത്തിന്റെ കീഴിൽ വരില്ല.
ജപ്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താനായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമിതികൾ രൂപീകരിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.