മലയോരത്ത് വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരീക്ഷണം
1591464
Sunday, September 14, 2025 1:52 AM IST
ചെറുപുഴ: വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞ് മലയോര കർഷകർ. കുറഞ്ഞ സ്ഥലത്ത് കൂടുതൽ കൃഷിയെന്ന ഹൈഡെൻസിറ്റി എന്ന ശാസ്ത്രീയ കൃഷി രീതിയാണ് വിയറ്റ്നാം മോഡലിന്റെ പ്രത്യേകത. ചെറുപുഴ-കടുമേനി റോഡരികിൽ വെണ്യക്കരയിൽ തോമസ് പാറശേരിൽ തന്റെ 17 സെന്റിൽ 145 കുരുമുളക് വള്ളികളാണ് വിയറ്റ്നാം മോഡലിൽ കൃഷി ചെയ്യുന്നുണ്ട്. നാലിഞ്ച് വണ്ണവും രണ്ടര മീറ്റർ ഉയരവുമുള്ള പിവിസി പൈപ്പിലാണ് തൈകൾ പിടിപ്പിച്ചിരിക്കുന്നത്. ഇനിയും രണ്ടര മീറ്റർ കൂടി പിവിസി പൈപ്പിന് ഉയരം കൂട്ടും. ഏഴരയടി സമചതുരത്തിലാണ് പിവിസി പൈപ്പുകൾ നാട്ടുന്നത്. ഇതിൽ കൂമ്പുങ്കൻ, വിജയ്, പന്നിയൂർ വൺ എന്നീ മൂന്നിനങ്ങളാണ് നട്ടിരിക്കുന്നത്. തോട്ടത്തിൽ കാടുപിടിക്കാതിരിക്കാൻ വീഡ് മാറ്റ് വിരിച്ചിട്ടുണ്ട്. ഇതുകാരണം വെള്ളം നന്നായി മണ്ണിലിറങ്ങും.
അടിസ്ഥാന വളമായി ബംഗളൂരു ഐസിഎആറിന്റെ ശിപാർശയോടെ തയാറാക്കിയ ചകിരി കമ്പോസ്റ്റും ചാണകവും ഇട്ടാണ് തൈകൾ നട്ടത്. ഇതുകാരണം ചുവട് ഇളകുകയേ ഇല്ല. ഫോളിയാർ രൂപത്തിൽ സസ്യങ്ങൾക്കാവശ്യമായ മൂലകങ്ങൾ സ്പ്രേ ചെയ്തു കൊടുക്കുന്നതാണ് ഈ കൃഷി രീതിയുടെ മറ്റൊരു പ്രത്യേകത. കീടങ്ങളിൽ നിന്നും സംരക്ഷണം കിട്ടുന്നതിനായി തോട്ടത്തിന് ചുറ്റും ചെണ്ടുമല്ലിയും നട്ടിട്ടുണ്ട്. കടുമേനി ഫാർമേഴ്സ് ഗ്രൂപ്പംഗമാണ് തോമസ്. തോമസ് ഉൾപ്പെടെ 10 ഗ്രൂപ്പംഗങ്ങളും വിയറ്റ്നാം മോഡൽ കൃഷിയിൽ സജീവമാണ്. കുരുമുളക് ചെടികൾക്കിടയിൽ പച്ചക്കറികളും നടും. തൈകൾ നട്ട് ആറുമാസമാകുന്പോഴേക്കും തിരിയിടും. നാലുവർഷം കൊണ്ട് മുടക്കുമുതൽ തിരിച്ച് കിട്ടുമെന്ന് കർഷകനായ തോമസ് പറഞ്ഞു.