ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു
1591871
Monday, September 15, 2025 10:00 PM IST
കണ്ണൂർ: കുടുംബസമേതം പറശിനിക്കടവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അധ്യാപികയായ യുവതി മരിച്ചു.
കൽപ്പറ്റ വേങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറത്തെ അന്പലക്കുന്നിൽ വീട്ടിൽ ചന്ദ്രൻ-വിലാസിനി ദന്പതികളുടെ മകൾ കെ.സി. ശ്രീനിതയാണ് (32) മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ ഐടി വിഭാഗം അധ്യാപികയാണ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കുറുവ പള്ളിക്കടുത്ത് വച്ച് ഇവർ സഞ്ചരിച്ച കാർ എതിരേ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരന്നു. അപകടത്തിൽ ഭർത്താവ് ജിജിലേഷ്, മക്കളായ ആരാധ്യ, ആത്മിക എന്നിവർക്കും പരിക്കേറ്റിരുന്നു.
പരിക്കേറ്റ നാലു പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ശ്രീനിത അർദ്ധരാത്രിയോടെ മരിച്ചു. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.