തലശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 16 മുതല്‍
1591468
Sunday, September 14, 2025 1:52 AM IST
കണ്ണൂർ: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബര്‍ 16, 17, 18, 19 തീയതികളില്‍ തലശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന തലശേരി ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയുടെ (ടിഐഎഫ്എഫ്) സംഘാടക സമിതി രൂപീകരിച്ചു. യോഗം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു.
മേളയിൽ അന്താരാഷ്ട്ര നിലവാരമുള്ള 55 സിനിമകൾ പ്രദർശിപ്പിക്കും. ഒരേ സമയം മൂന്നു തിയേറ്ററുക ളി ലായി 1200 പേർക്ക് സിനിമകൾ കാണാനുള്ള അവസരം ഒരുക്കും. ഡെലിഗേറ്റ് ഫീസ് 354 രൂപയും വിദ്യാർഥികൾക്ക് 177 രൂപയും ആണ്. മുഖ്യരക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.
രക്ഷാധികാരികൾ: ഷാഫി പറമ്പിൽ എംപി, കെ.പി. മോഹനൻ എംഎൽഎ. സംഘാടകസമിതി ചെയർപേഴ്സണായി സ്പീക്കർ എ.എൻ. ഷംസീർ, ഫെസ്റ്റിവൽ ഡയറക്ടറായി കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ജനറൽ കൺവീനറും ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായി ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരെയും തെരഞ്ഞെടുത്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി, കെഎസ്എഫ്ഡിസി ബോർഡ് അംഗം ജിത്തു കോളയാട്, എസ്.കെ. അർജുൻ എന്നിവർ കൺവീനർമാരാണ്.
പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സണായി ബീനിഷ് കോടിയേരി, റിസ്പഷൻ കമ്മിറ്റി ചെയർപേഴ്സണായി തലശേരി നഗരസഭ ചെയർപേഴ്സൺ ജമുനറാണി, മീഡിയ കമ്മിറ്റി ചെയർപേഴ്സണായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ് തുടങ്ങിയവരേയും തെരഞ്ഞെടുത്തു.
തലശേരി കോസ്മോപൊളിറ്റന്‍ ക്ലബില്‍ നടന്ന യോഗത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, എഎസ്പി പി.ബി. കിരൺ, നഗരസഭ വൈസ് ചെയർമാൻ എം.വി. ജയരാജൻ, സി.അജോയ്, ലിബർട്ടി ബഷീർ, നടൻ സുശീൽ കുമാർ തിരുവങ്ങാട്, പ്രദീപ് ചൊക്ലി എന്നിവർ പ്രസംഗിച്ചു.