പഴശി ആയുർവേദ ആശുപത്രി ഡിസംബറിൽ തുറക്കും
1591702
Monday, September 15, 2025 1:59 AM IST
മട്ടന്നൂർ: പഴശി കന്നാട്ടുംകാവിൽ നിർമിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രി ഡിസംബറോടെ പൂർത്തിയാകും.17 കോടി ചെലവഴിച്ചാണ് 50 കിടക്കകളുള്ള ആയുർവേദ ആശുപത്രി നിർമിക്കുന്നത്. ഇന്റ ഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിൽ നിർമിക്കുന്ന ആശുപത്രി കെട്ടിടത്തിന് അഞ്ചു നിലകളാണുള്ളത്. കെ.കെ. ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ നിർമാണ പുരോഗതി വിലയിരുത്തി.
ആയുർവേദത്തിനാണ് പ്രാധാന്യമെങ്കിലും മറ്റു വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ഇവിടെയുണ്ടാകും. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് പണം നൽകിയും ആധുനിക ആയുർവേദ ചികിത്സ ലഭ്യമാക്കും. വിമാനത്താവളത്തിനു തൊട്ടടുത്ത പ്രദേശമായതിനാൽ കേരളത്തിന്റെ പാരമ്പര്യ ചികിത്സയായ ആയുർവേദത്തെ തേടി വരുന്ന ആഭ്യന്തര-വിദേശ യാത്രികർ കൂടി ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താഴത്തെ നിലയിൽ ഒപി അടക്കമുള്ള സംവിധാനങ്ങളും ഒന്നും രണ്ടും നിലകളിൽ വാർഡുകളുമാണ് ഉണ്ടാകുക. കേന്ദ്രപദ്ധതി പ്രകാരം ആദ്യം ഒൻപതു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇത് തികയാതെ വന്നതോടെ രണ്ടു കോടി കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. പിന്നീട് കേന്ദ്ര-സംസ്ഥാന വിഹിതമായി ആറു കോടിയും ചേർന്ന് 17 കോടി ചെലവിലാണ് ആശുപത്രി നിർമിക്കുന്നത്. കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്റെ ആരോഗ്യ രംഗത്തിന് കരുത്തേകാൻ ആയുർവേദ ആശുപത്രി അനുവദിച്ചത്. ആയുർവേദത്തിന്റെ പരമ്പരാഗത ചികിത്സാ രീതികൾക്കൊപ്പം അധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമാണ് ലഭ്യമാക്കുക.
നിർമാണം പൂർത്തിയാകുന്നതോടെ പഴശി ബഡ്സ് സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി ഇവിടേക്ക് പ്രവർത്തനം മാറും. ദേശീയ ആയുഷ് മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് ആശുപത്രിക്കുള്ള പദ്ധതി തയാറാക്കിയത്. പിന്നീട് ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിൽ വിപുലപ്പെടുത്തുകയായിരുന്നു.