മൂക്കിലൂടെ വിസിലടിച്ച് ആറു വയസുകാരൻ
1591710
Monday, September 15, 2025 1:59 AM IST
കേളകം: ഹൃദയ് എന്ന ആറു വയസുകാരൻ പുറപ്പെടുവിക്കുന്ന വിസിലടി ശബ്ദം കേൾക്കുന്നവർക്കും കാഴ്ചക്കാർക്കും അദ്ഭുതമാകുന്നു. മിക്കവരും ചുണ്ടുകളുടെ പ്രത്യേകരീതിയിലുള്ള ഉപയോഗത്തിലൂടെയാണ് വിസിൽ അടിക്കുന്ന ശബ്ദം ഉണ്ടാക്കുന്നതെന്നിരിക്കെ ഹൃദയ് ചുണ്ടുകൾ ചലിപ്പിക്കാതെയാണ് വിസിൽ ശബ്ദം കേൾപ്പിക്കുന്നത്.
മൂക്കിലൂടെ ശ്വാസക്രമീകരണത്തിലൂടെയാണ് ഹൃദയിന്റെ വിസിലടി. കേൾക്കുന്നവർക്ക് ഇത് ഒറിജിനൽ വിസിൽ ശബ്ദമാണെന്നോ തോന്നൂ. കൊട്ടിയൂരിലെ ചുങ്കക്കുന്ന് കോടൂർ ആതിര-രഞ്ജിത്ത് ദമ്പതികളുടെ മകനാണ് ഹൃദയ്. ചുണ്ടുകൾ ചലിപ്പിക്കാതെ ചൂളം അടിക്കുന്ന ശബ്ദംകേട്ട് മാതാപിതാക്കൾ ആദ്യം പരിഭ്രമിച്ചെങ്കിലും ശ്വാസം അടക്കിപ്പിടിച്ച് മൂക്കുപയോഗിച്ചാണ് ശബ്ദമുണ്ടാക്കുന്നതെന്ന് മനസിലായതോടെ പരിഭ്രമം അദ്ഭുതത്തിന് വഴിമാറി.
കഴിഞ്ഞ തിരുവോണ ദിവസമാണ് ബന്ധുക്കൾ ഹൃദയിന്റെ ഈ കഴിവ് ശ്രദ്ധിക്കുന്നത്. ഉടൻതന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പിന്നാലെ നെഗറ്റീവ് കമന്റസും വരാൻ തുടങ്ങി. കുഞ്ഞു ഹൃദയ്ക്ക് അസുഖമാണെന്നും ഉടൻതന്നെ ഡോക്ടറെ സമീപിക്കണമെന്നുള്ള കമന്റുകൾ അമ്മ ആതിരയെ അസ്വസ്ഥയാക്കിയിരുന്നു. എന്നാൽ ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ പേടിക്കാനൊന്നുമില്ലെന്ന മറുപടി ലഭിച്ചതോടെയാണ് സമാധാനമായത്. കൊട്ടിയൂർ ചുങ്കക്കുന്ന് ഗവ. യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഹൃദയ്. അച്ഛൻ രഞ്ജിത്ത് ഇലക്ട്രീഷ്യനാണ്.