പൂജാ അവധിക്ക് ബംഗളൂരു, മൈസൂരു റൂട്ടിൽ കെഎസ്ആർടിസി സ്പെഷൽ സർവീസ്
1591706
Monday, September 15, 2025 1:59 AM IST
കണ്ണൂർ: പൂജാ അവധി പ്രമാണിച്ച് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കെഎസ്ആർടിസി 20 അധിക സർവീസ് നടത്തും. ചെന്നൈയിലേക്ക് രണ്ട് അധിക സർവീസും നടത്തും. 25 മുതൽ ഒക്ടോബർ വരെയാണ് സർവീസ് നടത്തുന്നത്.
ഏഴ് സൂപ്പർ ഫാസ്റ്റുകളും 15 സൂപ്പർ ഡീലക്സ് ബസുകളും അധിക സർവീസിനായി വിനിയോഗിക്കും. കോഴിക്കോട്- ബംഗളൂരു റൂട്ടിലും തിരിച്ചും കുട്ട- മാനന്തവാടി- മൈസൂരു വഴി നാലു വീതം സൂപ്പർ ഫാസ്റ്റ് സർവീസുകൾ ദിവസവും ഉണ്ടാകും. ബംഗളൂരു- മലപ്പുറം റൂട്ടിലും കുട്ട വഴി സൂപ്പർ ഫാസ്റ്റ് സർവീസ് നടത്തും.
എറണാകുളം (രണ്ട്), തൃശൂർ, തിരുവനന്തപുരം, കോട്ടയം, കൊല്ലം, അടൂർ, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, എന്നിവിടങ്ങളിലേക്കും തിരിച്ചും സൂപ്പർ ഡീലക്സ് ബസുകൾ കോയന്പത്തൂർ, പാലക്കാട് വഴി സർവീസ് നടത്തും.
ഇരിട്ടി - മട്ടന്നൂർ വഴി കണ്ണൂരിലേക്കും തിരിച്ചും രണ്ട് സൂപ്പർ ഫാസ്റ്റുകളും ചെറുപുഴ വഴി പയ്യന്നൂരിലേക്കും കാഞ്ഞങ്ങാട്ടേക്കും തിരിച്ചും ഓരോ സൂപ്പർ ഡീലക്സ് ബസ് സർവീസും നടത്തും. ബംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും നാഗർകോവിൽ വഴി ഓരോ സൂപ്പർ ഡീലക്സ് ബസുകളും അധിക സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും സേലം നാഗർകോവിൽ വഴി ഒരു സൂപ്പർ ഡീലക്സ് ബസ് സർവീസ് നടത്തും. ബംഗളൂരുവിൽ നിന്ന് വൈകുന്നേരം അഞ്ചിനുശേഷമാണ് മുഴുവൻ ബസുകളും പുറപ്പെടുക. അധിക സർവീസിലെ അവസാന ബസ് രാത്രി 11.15 നാകും ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുക.
ഇതോടൊപ്പം നിലവിലുള്ള സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസുകൾ അറ്റകുറ്റപ്പണി നടത്തി ഉടൻ സർവീസിന് സജ്ജമാക്കി മുഴുവൻ അന്തർ സംസ്ഥാന സർവീസുകളും ഓപ്പറേറ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
യാത്രാതിരക്ക് അനുസരിച്ച് സമയക്രമത്തിൽ മാറ്റം വരുത്താനും റൂട്ട് ക്രമീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. തിരക്കിന് അനുസരിച്ച് ഫ്ളക്സി നിരക്ക് ഈടാക്കും. ഓൺലൈനായി സീറ്റുകൾ റിസർവ് ചെയ്യാനാകും.