മലയോരത്തിന് ആവേശം പകർന്ന് റൺ പാലക്കയംതട്ട് മിനി മാരത്തൺ
1591467
Sunday, September 14, 2025 1:52 AM IST
പയ്യാവൂർ: ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെ ലോകശ്രദ്ധയിലേക്കെത്തിക്കാനായി സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഡിടിപിസിയും ഇരിക്കൂര്‍ ടൂറിസം ആന്‍ഡ് ഇന്നൊവേഷന് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ‘റൺ പാലക്കയംതട്ട് ഇരിക്കൂർ ടൂറിസം രാജ്യാന്തര മിനി മാരത്തൺ’ വൻ വിജയം.
മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാലക്കയംതട്ടിന്റെയും പൈതൽമലയുടെയും താഴ്വാരത്തിലൂടെ മാരത്തൺ താരങ്ങൾ മാറ്റുരച്ചപ്പോൾ മലയോരജനതയ്ക്ക് അത് ആവേശത്തിന്റെ പുത്തനനുഭവമായി. പയ്യാവൂരിൽനിന്ന് ആരംഭിച്ച്, പുലിക്കുരുന്പയിൽ സമാപിച്ച മിനി മാരത്തണിൽ പുരുഷ,വനിത, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലായി നടത്തിയ മിനി മാരത്തണിൽ വിദേശികളും സ്വദേശികളുമുൾപ്പെടെ ആയിരത്തോളം അത്ലറ്റുകൾ പങ്കെടുത്തു.
പയ്യാവൂരിൽനിന്ന് പുലിക്കുരുമ്പയിലേക്ക് നടത്തിയ മിനി മാരത്തണിന്റെ ഫ്ലാഗ് ഓഫ് കെ.പി. മോഹനൻ എംഎൽഎ, കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്, സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിൻ രാജ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വീനിത്, ധ്യാൻചന്ദ് പുരസ്കാര ജേതാവും അന്തർദേശീയ ബോക്സിംഗ് താരവുമായ കെ.സി. ലേഖ, കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ ടി.കെ. പ്രിയ, സിനി ജോസ്, ടിയാന മേരി തോമസ്, മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം മനു ജോസഫ് എന്നിവർ ചേർന്ന് നിർവഹിച്ചു.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് എന്നിവർ മിനി മാരത്തണിൽ പങ്കാളികളായി 12.5 കിലോമീറ്റർ ദൂരം ഓടുകയും ചെയ്തു.
മിനി മാരത്തൺ ആരംഭിച്ച പയ്യാവൂർ, സമാപന വേദിയായ പുലിക്കുരുന്പ എന്നിവിടങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസർ പീയൂഷ് നമ്പൂതിരിപ്പാട്, ഡിടിപിസി സെക്രട്ടറി സൂരജ്, ഇരിക്കൂർ ടൂറിസം കൗൺസിൽ ചെയർമാൻ പി.ടി. മാത്യു, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, ഫാ. തോമസ് പയ്യമ്പള്ളി, ഫാ. ജോസഫ് കാവനാടി, ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ഫാ. ബിബിൻ അഞ്ചെന്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടംപള്ളിൽ, മിനി ഷൈബി, സാജു സേവ്യർ, കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു എളയാവൂർ, ഉണ്ണികൃഷ്ണൻനമ്പൂതിരി, സി.വി.എൻ. യാസ്റ, ചാക്കോ പാലക്കലോടി , ബേബി തോലാനി, സോജൻ കാരാമയിൽ, ജയിംസ് തുരുത്തേൽ, പി.ആർ. രാഘവൻ, ജോഷി കണ്ടത്തിൽ, മധു തൊട്ടിയിൽ, പ്രീത സുരേഷ് , ഇ.കെ. കുര്യൻ , ടി.പി. അഷ്റഫ്, ടെൻസൻ കണ്ടത്തിങ്കര, ബാബു മണ്ടളം, ജോസ് പരത്തനാൽ, സന്ദീപ് പാണപ്പുഴ, നൗഷാദ് ബ്ലാത്തൂർ, പി.ആർ. സനീഷ്, റെജി, റോബിൻ പുലിക്കുരുമ്പ, ഷാജി, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ആരോഗ്യ വകുപ്പ്, പോലീസ്, വിവിധ സർക്കാർ സംവിധാനങ്ങളുടെ എന്നിവരുടെ വിപുലമായ സഹകരണവും ലഭിച്ചിരുന്നു.
മത്സര ഫലങ്ങൾ
18-35 വയസ് പുരുഷ വിഭാഗത്തിൽ എം.പി.നെബീൽ ഷാഹി (കോഴിക്കോട്), സതീഷ്കുമാർ( കോയമ്പത്തൂർ), ബെഞ്ചമിൻ ബാബു (ഇടുക്കി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ റീബ അന്നാ ജോർജ്(പത്തനംതിട്ട) ശിവാനി( ഉത്തർ പ്രദേശ്), അഞ്ജു മുകുന്ദൻ( ഇടുക്കി) എന്നിവർ വിജയികളായി. 36-45 വയസുകാരുടെ വിഭാഗത്തിൽ പുരുഷന്മാരിൽ നഞ്ചപ്പ (തമിഴ്നാട്), വിനോദ് കുമാർ(ഊട്ടി), ജഗദീശൻ (തമിഴ്നാട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. വനിതാ വിഭാഗത്തിൽ ആശ പത്രേയ(ബംഗളൂരു) ജിനി ചെറിയാൻ (കണ്ണൂർ) എന്നിവർ വിജയികളായി. 46 വയസിനു മുകളിൽ പുരുഷന്മാരിൽ ജോസ് ഇല്ലിക്കൽ(വയനാട്), ഷറഫുദ്ദീൻ(വയനാട്), എൻ.പി.ഷാജി (കോഴിക്കോട് )എന്നിവർ ജേതാക്കളായി. വനിതാ വിഭാഗത്തിൽ പി.എ. ജസീല (തൃശൂർ), കെ.കെ.രമ (എറണാകുളം), ജ്യോതി പ്രവ (ആസാം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
ഫൺ റൺ മത്സരത്തിൽ പുരുഷവിഭാഗത്തിൽ ഷിബിൻ ആന്റോ (കോട്ടയം), ആദർശ് ഗോപി (കണ്ണൂർ), അതുൽ (വടകര), റജിൽ ബാബു(ചങ്ങനാശേരി) എന്നിവരും സ്ത്രീകളിൽ ജി. ജിൻസി( പാലക്കാട്), വി. അഞ്ജന (പാലക്കാട്), എസ്.കെ. വിജയലക്ഷ്മി (കർണാടക), നിയാമോൾ തോമസ് (ചെറുപുഴ )എന്നിവർ വിജയികളായി. വിജയികൾക്ക് കാഷ് അവർഡുൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി. 60 വയസിനു മുകളിലുള്ള മത്സരാർഥികൾക്കും പ്രത്യേകം കാഷ് പ്രൈസ് നൽകി ആദരിച്ചു.