ചെങ്ങളായി-അഡൂർ പാലം നിർമാണം പുനരാരംഭിച്ചു
1591463
Sunday, September 14, 2025 1:52 AM IST
ശ്രീകണ്ഠപുരം: പണി നിർത്തിവച്ചിരുന്ന ചെങ്ങളായി-അഡൂർ പാലത്തിന്റ നിർമാണം പുനരാരംഭിച്ചു. നിർമാണ സാമഗ്രികൾ എത്തിക്കാനാവാത്തതിനെ തുടർന്ന് പാലം പണി നിലച്ചത്. ഇത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കരാറുകാരൻ സാമഗ്രികളെത്തിച്ച് പണിയാരംഭിച്ചിരിക്കുന്നത്.
ശക്തമായ മഴയും പ്രവൃത്തി സ്തംഭിക്കാൻ കാരണമായിരുന്നു.12 കോടി രൂപ ചെലവിലാണ് അഡൂർക്കടവിൽ പാലം നിർമിക്കുന്നത്. 2018-19 വർഷത്തെ ബജറ്റിൽ 9.50 കോടിരൂപ പാലം നിർമാണത്തിന് അനുവദിച്ചിരുന്നു. സമീപന റോഡ് നിർമാണത്തിനായി നാട്ടുകാർ സൗജന്യമായി സ്ഥലം നൽകുകയും ചെയ്തിരുന്നു. എന്നാൽ, 2018-19 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുമരാമത്തുവകുപ്പ് പാലത്തിന്റെ പ്ലാനിലും എസ്റ്റിമേറ്റിലും റീകാസ്റ്റിംഗ് വരുത്തി. ഇതോടെയാണ് തുടർനടപടികൾ നിലച്ചത്.
പിന്നീട് എസ്റ്റിമേറ്റ് പുതുക്കി ഭരണാനുമതി നൽകുകയായിരുന്നു. നിലവിൽ ചെങ്ങളായി ഭാഗത്താണ് പ്രവൃത്തി പുരോഗമിക്കുന്നത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ചെങ്ങളായി ഭാഗത്തുനിന്ന് കടവിലേക്കുള്ള അനുബന്ധ റോഡാണ് ആദ്യം ഒരുക്കിയത്.
പിന്നാലെ തൂൺ നിർമാണവും തുടങ്ങി. പൊതുമരാമത്ത് വകുപ്പധികൃതർ കഴിഞ്ഞദിവസം സ്ഥലത്തെത്തി നിർമാണ പ്രവൃത്തികൾവിലയിരുത്തി. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
നിയമപരമായല്ല ടെൻഡർ നൽകിയതെന്നാരോപിച്ച് ഇരിക്കൂറിലെ നിർമാണ കമ്പനി കേസിനെ തുടർന്ന് നിർമാണം നേരത്തെ ഒരു വർഷത്തോളം സ്തംഭിച്ചിരുന്നു. കേസ് ഹൈക്കോതി തള്ളിയതിനെ തുടർന്നായിരുന്നു പ്രവൃത്തിയാരംഭിച്ചത്.