ചൂളിയാട് എഎൽപി സ്കൂൾ ശതാബ്ദി നിറവിൽ
1461284
Tuesday, October 15, 2024 7:10 AM IST
പയ്യാവൂർ: മലപ്പട്ടം ചൂളിയാട് മേഖലയിലെ നിരവധി തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന് നൽകിയ ചൂളിയാട് എഎൽപി സ്കൂൾ നൂറ് വർഷങ്ങൾ പിന്നിടുന്നു. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്കായി ഒരു വർഷം നീളുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അഘോഷങ്ങളുടെ മുന്നോടിയായി വിളംബര ബൈക്ക് റാലി നടത്തി.
16ന് വൈകുന്നേരം ഏഴിന് അക്ഷരദീപം തെളിക്കും. 17ന് ഉച്ചകഴിഞ്ഞ് 2.30ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ അങ്കണവാടി കലാമേള, ശതാബ്ദി കെട്ടിടം ഉദ്ഘാടനം, രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്, കാർഷിക സമ്മേളനം, പൂർവ വിദ്യാർഥി സംഗമം, മുൻ അധ്യാപകരെ ആദരിക്കൽ, ചെസ് മത്സരം, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ, സമാപന സമ്മേളനം എന്നിവയുണ്ടായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.