കൂൺകൃഷി വ്യാപന പദ്ധതിയുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ
1461283
Tuesday, October 15, 2024 7:10 AM IST
ചെറുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഈവർഷം പ്രഖ്യാപിച്ച ജൈവ കാർഷിക മിഷൻ സാക്ഷാത്കാരത്തിനും ജീവിതശൈലീ രോഗ നിയന്ത്രണത്തിനുമായി കൂൺ കൃഷിപരിശീലനവുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ സുരേഷ് കുറ്റൂർ.
ചെറുപുഴ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ ഏകദേശം അന്പതോളം പരിശീലന ക്ലാസുകൾ ജില്ലക്കകത്തും പുറത്തുമായി ഇതിനകം നൽകിക്കഴിഞ്ഞു. തലശേരി സോഷ്യൽ സർവീസ് സോസൈറ്റി യൂണിറ്റുകൾ, കുടുംബശ്രീകൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ, കൃഷിക്കൂട്ടങ്ങൾ, കർഷക സംഘം യൂണിറ്റുകൾ എന്നിവയ്ക്കാണു പരിശീലനങ്ങൾ നൽകുന്നത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപതിലധികം പരിശീലനങ്ങൾ സംഘടിപ്പിച്ച് ചെറുപുഴയെ ഒരു കൂൺ ഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്. കൂടാതെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അംഗീകാരത്തോടുകൂടി "കുഞ്ഞാറ്റ' എന്ന പേരിൽ കൂൺ പുറത്തിറക്കുകയും വിപണനകേന്ദ്രം ആരംഭിക്കുകയും ചെയ്തു.
പരിശീലനത്തോടൊപ്പം കൃഷിവകുപ്പിന്റെ കരിമ്പത്തുള്ള ജില്ലാ കൃഷിത്തോട്ടവുമായി സഹകരിച്ച് മുഴുവൻ പ്രദേശങ്ങളിലും വിത്ത് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ആന്റി ഓക്സിഡന്റുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ കൂൺ മുഴുവൻ ജീവിതശൈലീ രോഗങ്ങളെയും ചെറുക്കുന്ന മികച്ച ഒരു ഭക്ഷ്യവിഭവമാണെന്ന് സുരേഷ് കുറ്റൂർ പറഞ്ഞു.
പ്രൊബയോട്ടിക്ക് പോഷകങ്ങൾ അടങ്ങിയ കൂൺ ദഹനനാളത്തിലെ നല്ല സൂക്ഷ്മാണുക്കളെ ഉത്തേജിപ്പിക്കും.തുടർപരിശീലനങ്ങളിലൂടെ ചെറുപുഴയെ ഒരു കൂൺ ഗ്രാമമാക്കി മാറ്റിയ സുരേഷ് കുറ്റൂരിനെ പാടിയോട്ടുചാൽ സീനിയർ ചേംബറിന്റെ നേതൃത്വത്തിൽ ആദരിച്ചു.
കൃഷിവകുപ്പിന്റെ ജില്ലാ സംസ്ഥാന അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയ സുരേഷ് കുറ്റൂർ അവധി ദിവസങ്ങൾ ഉൾപ്പെടെ കൂടുതൽ പരിശീലനങ്ങൾ നൽകാനുള്ള തയാറെടുപ്പിലാണ്. കൃഷിവകുപ്പിൽ ജോലി ലഭിക്കുന്നതിനു മുന്പ് അധ്യാപകനായിരുന്നു. നിലവിൽ കിലയുടെ ജില്ലാ റിസോഴ്സ് പേഴ്സണും കർഷകസംഘം സംയോജിത കൃഷി ജില്ലാ സാങ്കേതിക സമിതി അംഗവുമാണ്. ഫോൺ: 9446773472.