തമിഴ്നാട് സ്വദേശി പയ്യന്നൂരിൽ മരിച്ച നിലയിൽ
1460814
Sunday, October 13, 2024 11:50 PM IST
പയ്യന്നൂർ: തമിഴ്നാട് സ്വദേശിയായ യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ. തിരുച്ചിറപ്പള്ളി തിരുവള്ളറായ് ഉലുവങ്കോട്ടത്തെ സെന്തിൽ മകൻ പനീർസെൽവത്തെയെയാണ് (37) ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ - രാമന്തളി റോഡിൽ എംജെ കിച്ചൺ റസ്റ്റോറന്റിന് മുൻവശത്തെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുന്നിലായാണ് കല്ലുകൾക്കിടയിൽ തല താഴ്ന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്. പുലർച്ചെ നാലേമുക്കാലോടെ പയ്യന്നൂരിലെത്തുന്ന മംഗള എക്സ്പ്രസിൽ ഫൈൻ അടച്ച രസീത് ഇയാളിൽ നിന്നും കണ്ടുകിട്ടി.
ആധാർ കാർഡിൽ നിന്നാണ് പോലീസിന് ആളെ തിരിച്ചറിയാനായത്. ബാഗിൽ കുടിച്ചതിന് ശേഷം അവശേഷിച്ച മദ്യമടങ്ങുന്ന കുപ്പിയുണ്ടായിരുന്നു. ട്രെയിനിറങ്ങിയ ഇയാൾ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും മദ്യപിച്ച ശേഷം പുറത്തിങ്ങിയപ്പോൾ മറിഞ്ഞ് കല്ലുകൾക്കിടയിൽ വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പയ്യന്നൂർ പോലീസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.