മലബാർ കാൻസർ സെന്ററിന്റെ രണ്ടാംഘട്ട വികസനം വേഗത്തിലാക്കാൻ നിർദേശം
1460756
Saturday, October 12, 2024 5:18 AM IST
തലശേരി: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി സഹായത്തോടെ നിർമിക്കുന്ന 14 നില ബ്ലോക്കിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്ന് സ്ഥലം എംഎൽഎയും സ്പീക്കറുമായ എ.എൻ. ഷംസീർ ബന്ധപ്പെട്ടവരോട് നിർദേശിച്ചു.
സ്പീക്കറുടെ ചേംബറിൽ ചേർന്ന് അവലോകനയോഗത്തിലാണ് നിർദേശം നൽകിയത്. നിർമാണ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നതിൽ നിർവഹണ ഏജൻസിയായ വാപ്കോസിനും കരാര്‍ ഏറ്റെടുത്ത മലാനി കണ്‍സ്ട്രക്ഷനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
നേരത്ത വെറ്റ് ചെയ്ത ഡിസൈന്‍ ഓരോ നിലകള്‍ക്കും ഐഐടിയെകൊണ്ട് വീണ്ടും വെറ്റ് ചെയ്യിക്കണമെന്ന കിഫ്ബി ഇന്സ്പെക്ഷന് വിംഗിന്റെ നിർദേശം കാലതാമസത്തിന് ഇടയാക്കുന്നതിനാൽ ഇതിൽ പുനഃപരിശോധന നടത്തണമെന്ന നിർദേശവും ഉയർന്നു. 15ന് കിഫ്ബി സിഇഒയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
ഐഐടി വെറ്റിംഗ് ആവശ്യമുള്ള പക്ഷം അത് വേഗത്തിലാക്കുന്നതിന് നടപടിയെടുക്കാമെന്നും കിഫ്ബി പ്രതിനിധി അറിയിച്ചു. പ്രോജക്ടിന്റെ തുടര്‍ന്നുള്ള മേല്‍നോട്ടത്തിനായി എംസിസി ഡയറക്ടര്‍ ഡോ.സതീഷ് ബാലസുബ്രഹ്മണ്യം, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്ജുന് എസ്. കുമാര്‍, കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി.എ. ഷൈല,
ടെക്നിക്കല്‍ കമ്മിറ്റി ഹെഡ് കെ. ശ്രീകണ്ഠന് നായര്‍, വാപ്കോസ് റീജണല്‍ മാനേജര്‍ ദീപങ്ക് അഗര്‍വാള്‍, മലാനി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധി രാമകൃഷ്ണന് ഗോവിന്ദന് നായര്‍ എന്നിവരുള്‍പ്പെട്ട ആറംഗ സമിതിയെ സ്പീക്കര്‍ ചുമതലപ്പെടുത്തി.