പാണപ്പുഴയിൽ വൻ ചന്ദനക്കടത്ത്: ഏഴംഗ സംഘം പിടിയിൽ
1460302
Thursday, October 10, 2024 8:54 AM IST
തളിപ്പറമ്പ്: ചന്ദനക്കടത്ത് സംഘത്തിന് ചന്ദനമുട്ടികൾ എത്തിച്ചു നൽകുന്ന ഏഴുപേർ അറസ്റ്റിൽ. ഓലയമ്പാടി പെരുവാമ്പയിലെ നസീർ (43), ചിത്രൻ (42), ശ്രീജിത്ത് (37), പെരുന്തട്ടയിലെ വൽസൻ രാമ്പേത്ത് (43) പാണപ്പുഴയിലെ ചന്ദ്രൻ (62) ,പാണപ്പുഴയിലെ ബാലകൃഷ്ണൻ (48), മാതമംഗലത്തെ സവിൻ വിശ്വനാഥൻ (25) എന്നിവരെയുമാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് മാസത്തിൽ സേലത്ത് നിന്ന് കണ്ടെയ്നറിൽ പുതുച്ചേരിയിലെ ചന്ദന ഫാക്ടറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒന്നര ക്വിന്റലിലേറെ ചന്ദനമുട്ടികൾ തമിഴ്നാട് വനംവകുപ്പ് പിടികൂടിയിരുന്നു. അന്ന് മലപ്പുറം സ്വദേശികളായ ഐ.ടി. മുഹമ്മദ് അബ്രാൽ, എ.പി. മുഹമ്മദ് മിഷാൽ എന്നിവരുൾപ്പെടെ ആറുപ്രതികളും അറസ്റ്റിലായിരുന്നു. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുഹമ്മദ് അബ്രാലിനെയും മുഹമ്മദ് മിഷാലിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ പിലാത്തറ ഭാഗത്തുനിന്ന് ചന്ദനം എത്തിച്ചു കൊടുക്കുന്ന ഓലയമ്പാടി പെരുവാമ്പയിലെ നസീറിനെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നസീറിനെയും നസീറിനുവേണ്ടി പണമിടപാട് നടത്തിയ പെരുന്തട്ടയിലെ വൽസൻ രാമ്പേത്തിനെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ടുപേരും കൂടി ഉണ്ടെന്ന് കണ്ടെത്തിയത്.
തുടർന്നാണ് ശ്രീജിത്തിനെയും ചിത്രനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാണപ്പുഴ പാലത്തിന് മുകളിൽ നിന്നു പിടികൂടിയത്. തുടർന്ന് ഇന്നലെ പുലർച്ചെ പാണപ്പുഴ പോസ്റ്റ് ഓഫീസിനു സമീപത്ത് നിന്നാണ് ചന്ദ്രൻ, ബാലകൃഷ്ണൻ, സവിൻ വിശ്വനാഥൻ എന്നിവരെ പിടികൂടിയത്. ഇവരുടെ സംഘത്തിൽപ്പെട്ട മാതമംഗലം സ്വദേശിയായ ജിഷ്ണുവിന് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. പ്രതികളിൽ നിന്ന് രണ്ടരക്കിലോ ചന്ദനവും ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.