ആറളം ഫാമിലെ മരംമുറി: മുറിച്ചുമാറ്റിയ സംരക്ഷിത മരങ്ങളുടെ ഭാഗങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു
1460295
Thursday, October 10, 2024 8:54 AM IST
ഇരിട്ടി: ആറളം ഫാം ബ്ലോക്ക് അഞ്ചിൽ 200 ഏക്കർ സ്ഥലത്തെ പാഴ്മരങ്ങൾ മുറിച്ചുമാറ്റിയതിന്റെ മറവിൽ മുറിച്ച സംരക്ഷിത മരങ്ങളുടെ 26 കഷ്ണങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, കീഴ്പള്ളി സെക്ഷൻ ഫോറസ്റ്റർ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചടച്ചിൽ മരത്തിന്റെ 23 കഷ്ണങ്ങളും ഇരൂൾ മരത്തിന്റെ മൂന്നു കഷ്ണങ്ങളും കണ്ടെത്തിയത്. വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത മരങ്ങൾ ഫാം ഗോഡൗൺ ഓഫിസിനു സമീപത്തേക്ക് മാറ്റി.
ബ്ലോക്ക് അഞ്ചിൽ പുനകൃഷിയുടെ ഭാഗമായി 200 ഏക്കറിലെ കശുമാവ്, പാഴ്മരങ്ങൾ, ആഞ്ഞിലി, പ്ലാവ് എന്നിവ മുറിക്കാൻ മേമി ആൻഡ് സൺസ് എന്ന കമ്പനിക്ക് കരാർ നൽകിയിരുന്നു . കരാറിൽ പെടാത്ത മരങ്ങൾ മുറിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഫാം അധികൃതർ ആറളം പോലീസിൽ കരാറുകാരന് എതിരെ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സംരക്ഷിത മരങ്ങളായ ഇരൂൾ, ചടച്ചിൽ, കരിമരുത് മരങ്ങളും മുറിച്ചതായി കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വനം വകുപ്പും കേസെടുത്തിരുന്നു. സ്ഥല പരിശോധനയിൽ മരങ്ങളുടെ കുറ്റികളുടെ കണക്കെടുപ്പ് നടത്തിയതിൽ നിന്നും 32 ഇരൂൾ മരങ്ങളും 18 ചടച്ചിൽ മരങ്ങളും മൂന്നു കരിമരുത് മരങ്ങളുമായി 53 മരങ്ങൾ അനധികൃതമായി മുറിച്ചതായും കണ്ടെത്തിയിരുന്നു. ഇതിൽ 26 കക്ഷണം മാത്രമാണ് സ്ഥലത്ത് നിന്നു കണ്ടെത്താനായത്. കണ്ടെത്തിയ മരങ്ങൾ വിശദമായ പരിശോധന നടത്തി. മുറിച്ച മരത്തിന്റെ കുറ്റി ഉൾപ്പെടെ കണ്ടെത്തി പരിശോധന നടത്തേണ്ടതുണ്ട്