മാമ്പൊയിലിൽ കാട്ടാന കൃഷിനശിപ്പിച്ചു
1460291
Thursday, October 10, 2024 8:45 AM IST
മണക്കടവ്: ഉദയഗിരി പഞ്ചായത്തിലെ മാമ്പൊയിലിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് കർണാടക വനത്തിൽ നിന്നും കാട്ടാനകളെത്തിയത്.
നെടുംപതാൽ ബേബി, പടിഞ്ഞാറെമുറി സാബു, പാഴുക്കുന്നേൽ മറിയക്കുട്ടി എന്നിവരുടെ തെങ്ങ്, കമുക്, വാഴ എന്നിവയാണ് നശിപ്പിച്ചത്. പന്തം കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് നാട്ടുകാർ കാട്ടാനക്കൂട്ടത്തെ കൃഷിയിടങ്ങളിൽ നിന്ന് തുരത്തിയത്. എന്നാൽ, കാട്ടിലേക്ക് മടങ്ങാതെ ആനക്കൂട്ടം രാവിലെ വരെ ജനവാസ മേഖലയിൽ നിലകൊണ്ടു.
വീടുകൾക്ക് സമീപം വരെ കാട്ടാനകൾ എത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. വന്യമൃഗശല്യം തടയാനായി ഒരുവർഷം മുമ്പ് ഉദ്ഘാടനം നടത്തിയ തൂക്കുവേലി നിർമാണം ഇതുവരെയും ആരംഭിക്കാത്തതാണ് കാട്ടാന കൂട്ടത്തോടെ ഇറങ്ങുന്നതിന് കാരണമാകുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.