കുട്ടിപ്പുല്ല് ടൂറിസം പദ്ധതി; വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു
1460290
Thursday, October 10, 2024 8:45 AM IST
നടുവിൽ:"ഒരു പഞ്ചായത്തില്‍ ഒരു ടൂറിസംകേന്ദ്രം' പദ്ധതിയില്‍ നടുവില്‍ പഞ്ചായത്ത് കുട്ടിപ്പുല്ലില്‍ നിർമാണം തുടങ്ങിയ പദ്ധതി സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴന്പുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് അന്വേഷണം നടക്കുന്നത്. കണ്ണൂർ വിജിലൻസ് ഓഫീസർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസിലും കുട്ടിപ്പുല്ലിലെ നിർദിഷ്ട ടൂറിസം കേന്ദ്രത്തിലും പരിശോധന നടത്തി. പരാതിക്കാരനിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തുകയും അടുത്തദിവസം ഓഫീസിൽ ഹാജരാകാൻ നിർദേശിക്കുകയുംചെയ്തിട്ടുണ്ട്.
കുട്ടിപ്പുല്ലിലെ 45 ഡിഗ്രി ചെങ്കുത്തായ 70 സെന്റ് ഭൂമിയില്‍ സര്‍ക്കാര്‍ ഫണ്ടായ 83 ലക്ഷം രൂപ ചെലവിട്ടാണ് നീന്തല്‍ക്കുളവും കുട്ടികളുടെ പാർക്കും ഉൾപ്പെടുന്ന പദ്ധതിയാണ് വിവാദമായത്. പദ്ധതിയുടെ ആലോചന സമയത്ത് തന്നെ ഇത് അപ്രായോഗ്യമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വകവയ്ക്കാതെ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിയുടെ നേതൃത്വത്തിൽ ധൃതി പിടിച്ച് ടെൻഡർ നടപടി പൂർത്തിയാക്കി കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ പണി ആരംഭിക്കുകയും ചെയ്തു.
കരാറുകാരൻ ഇരുന്പ് പൈപ്പുകൾ ഉപയോഗിച്ച് രണ്ട് ഷെഡുകൾ നിർമിച്ചതല്ലാതെ മറ്റ് പ്രവൃത്തികൾ നടത്തിയിട്ടില്ല. വനാതിര്‍ത്തിയില്‍ നിന്നും 100 മീറ്റര്‍ പരിധിയില്‍ യാതൊരു നിർമാണ പ്രവൃത്തിയും നടത്തരുതെന്ന നിയമം പാലിക്കാതെ 40 മീറ്റര്‍ പോലും ദൂര പരിധി പാലിക്കാതെയാണ് പ്രവൃത്തി നടത്തിയത്. ഇതിന്റെ 50 മീറ്റര്‍ അടുത്തായി വനം വകുപ്പ് ഓഫീസുണ്ടായിട്ടും നടപടി എടുത്തിരുന്നില്ല.
കരാമരംതട്ട്-കുട്ടിപ്പുല്ല് റോഡിന്റെ വനാതിര്‍ത്തയില്‍ സ്ഥാപിച്ച ഇരുമ്പ് കവാടം വിജിലന്‍സിന്റെ ആദ്യസംഘം പരിശോധന നടത്തിയപ്പോള്‍ അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അവശിഷ്ടം പോലും ഇല്ലാതെ പൂർണമായും നീക്കം ചെയ്തിട്ടാണുള്ളത്. ഇവിടെ നിന്നും 60 മീറ്റര്‍ വനഭൂമിയിലൂടെ സഞ്ചരിച്ച് വേണം ടൂറിസ്റ്റ് കേന്ദ്രത്തിലെത്താന്‍. എന്നാല്‍, വനം ഭൂമിയിലൂടെ റോഡ് നിർമക്കാനുള്ള അനുവാദം പഞ്ചായത്തിന് ലഭിച്ചിട്ടുമില്ല.
സ്ഥലം സന്ദർശിച്ച വിജിലൻസ് സംഘം പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനിയറോട് രേഖകൾ സഹിതം കുട്ടിപ്പുല്ലിൽ എത്താൻ നിർദേശിച്ചിരുന്നെങ്കിലും രേഖകൾ സെക്രട്ടറിയുടെ പക്കലാണെന്നാണ് അറിയിച്ചത്. ഇതുസംബന്ധിച്ചും അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം. വർഷങ്ങൾക്ക് മുന്‍പ് ഈ മേഖലയിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന.